മെല്‍ബണ്‍: ബാലപീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍ശിക്ഷ. കുറഞ്ഞത് 3 വര്‍ഷവും 8 മാസവും ശിക്ഷ അനുഭവിച്ചു കഴിഞ്ഞാലേ പരോളിന് അപേക്ഷിക്കാനാവൂ എന്നും കൗണ്ടി കോടതി ജഡ്ജി പീറ്റര്‍ കിഡ്ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കി. 1990കളില്‍ സെന്റ് പാട്രിക് കത്തീഡ്രല്‍ ഗായകസംഘത്തിലെ 2 ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കര്‍ദിനാള്‍ പെല്‍ (77) കുറ്റക്കാരനാണെന്നു കഴിഞ്ഞ ഡിസംബറില്‍ കോടതി കണ്ടെത്തിയിരുന്നു.
1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസുള്ള ആള്‍ത്താര ബാലന്മാരെ ജോര്‍ജ് പെല്‍ പള്ളിമേടയില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.