പി. ഹർഷകുമാർ
കൊച്ചി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ശക്തിയാര്‍ജ്ജിക്കുന്ന ഈ കാലഘടത്തില്‍, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍ഘാടനത്തിന്റെ ഭാഗമായി പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് 100 സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ‘കിന്റല്‍ (ഇ-റീഡര്‍)’ന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ഭാവി, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പി. സദാശിവം ഓര്‍മ്മപ്പെടുത്തി. ഗവേഷണരംഗത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധയൂന്നണം, തേവര കോളേജിന്റെ വളര്‍ച്ചയ്ക്ക് അധ്യാപക-അനധ്യാപക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചുനിന്നത് മറ്റ് കോളേജുകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. പ്രശാന്ത് പാലക്കാപ്പിള്ളില്‍ സി.എം.ഐ(കോളേജ് പ്രിന്‍സിപ്പാള്‍) സദസ്സിനെ സ്വാഗതം ചെയ്തു. പ്രൊഫ. കെ.വി തോമസ് എം.പി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, റവ. ഡോ. പോള്‍ അച്ചാണ്ടി (സി.എം.ഐ പ്രെയര്‍ ജനറല്‍), പ്രൊഫ. സാബു തോമസ് (വൈസ് ചാന്‍സിലര്‍, എം.ജി സര്‍വ്വകലാശാല), പ്രൊഫ. സി.ബി കെ.ഐ (സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാഭ്യാസമെന്നാല്‍ ശാക്തീകരണമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്ന് തടുക്കാനാവാത്ത വിധം കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ലോക നിലവാരത്തില്‍ മുമ്പന്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് വിദ്യാഭ്യാസം നല്‍കുന്ന മുതല്‍ക്കൂട്ട് അത്രകണ്ട് വലുതാണ്. വിദ്യാഭ്യാസമെന്നാല്‍ വളര്‍ച്ചയുടെ അടിത്തറയാണ്. നളന്ദയും തക്ഷശിലയും പോലുള്ള ദേവാലയങ്ങള്‍ക്ക് രാജ്യത്തിന്റെ പാരമ്പര്യത്തിന് പകര്‍ന്നുനല്‍കിയ വിദ്യ ഇന്നും നമ്മുടെ സര്‍വ്വകലാശാലകള്‍ കാത്തുസൂക്ഷിക്കുന്നുവെന്നത് അഭിമാനാര്‍ഹമാണ്.
ഇന്ത്യ കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടില്ല. ഒരു രാജ്യത്തെയും കൊള്ളയടിച്ചിട്ടില്ല. നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിച്ചത് അതാണ്. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വിവേചനമില്ലാത്ത നമ്മുടെ നാട് ഒരൊറ്റ നാടും ഒരൊറ്റ ജനതയുമായി ലോകത്തിന് മാതൃകയാകുന്നു.
മാതൃഭാഷയോളം വരില്ല മറ്റൊരു ഭാഷയും. നിങ്ങള്‍ രാജ്യത്തെ മറ്റു ഭാഷകളോ വിദേശ ഭാഷകളോ അഭ്യസിച്ചുകൊള്ളൂ. ഇത്തരം പഠനങ്ങള്‍ നമ്മുടെ വ്യക്തിത്വ വികാസത്തെ വളര്‍ത്തും. എന്നാല്‍ മാതൃഭാഷ നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും മറ്റ് ഭാഷകളെ ആശ്രയിക്കേണ്ടിവരുമ്പോഴും സ്വന്തം വീട്ടില്‍ മാതൃഭാഷയ്ക്ക് പ്രഥമസ്ഥാനം നല്‍കാന്‍ നാം തയ്യാറാകണം. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ഈകാര്യം ഉറപ്പുവരുത്തണം. രാജ്യസഭയില്‍പോലും സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ സഭാംഗങ്ങള്‍ക്ക് അനുവാദമുള്ളത് ഭാരതം മാതൃഭാഷയെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന് ഉദ്ദാഹരണമാണ്.
വിദ്യാഭ്യാസമെന്നത് ഒരു ദൗത്യമാണ്. രാജ്യം വളര്‍ച്ചയുടെ പാതയില്‍ കുതിക്കുമ്പോഴും 20 ശതമാനംവരുന്ന ജനത സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്നുവെന്നത് സങ്കടകരമാണ്. എന്നാല്‍ ഈ സാഹചര്യത്തെ മാറ്റിമറിക്കാന്‍ നമുക്ക് സാധിക്കും. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുവെന്നത് നല്ല സൂചനയാണ്. നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നത് ഒരു കുടുംബത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് തുല്യമാണ്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ സ്വര്‍ണ മെഡലോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനത്തിലധികം വനിതകളാണെന്നത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അവസരങ്ങള്‍ ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് ലോകത്തിന്റെ നെറുകയിലെത്താന്‍ സാധിക്കുമെന്നതിന് തെളിവാണ് ഇവയൊക്കെ.
ജീവിതനിലവാരത്തിന്റെ വളര്‍ച്ചയ്ക്ക് പാതയൊരുക്കുന്നത് ഉന്നത വിദ്യാഭ്യാസമാണ്. അതിനായി നിങ്ങള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കണമെന്നില്ല. എല്ലാം നമ്മുടെ രാജ്യത്തുണ്ട്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മഹാരഥന്മാരില്‍ പൂരിഭാഗവും വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിച്ചവരാണ്. മികച്ച ജീവിത നിലവാരത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പലരും ജനിച്ച നാടിനെയും വളര്‍ത്തിയ കുടുംബത്തെയും മറന്നുപോകുന്നുവെന്നത് വേദനാജനകമാണ്. ഒത്തൊരുമയോടെയുള്ള കുടുംബ ബന്ധങ്ങളാണ് രാജ്യത്തിന്റെ അടിത്തറ. അത് നാം കാത്തുസൂക്ഷിക്കുകതന്നെവേണം.
കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ച പ്രശംസയര്‍ഹിക്കുന്നു. വിദ്യാഭ്യാസത്തിലും ലിംഗ സമത്വത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ശ്രീനാരായ ഗുരുവും അയ്യങ്കാളിയും ചാവറ കുര്യാക്കോസ് അച്ചനുമൊക്കെ പകര്‍ന്നുനല്‍കിയ അറിവ് കേരളം പിന്തുടരുന്നുവെന്നത് അഭിമാനകരമാണ്. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും തനത് ശൈലി കാത്തുസൂക്ഷിക്കുന്ന കേരളം എന്നും അത്ഭുതപ്പെടുത്തുന്നു. ഭക്ഷണത്തിന്റെപേരില്‍ ഒരു വിവേചനവും ഇന്ന് രാജ്യത്തില്ല. ഓരോ നാടിനും അനുയോജ്യമായ ഭക്ഷണക്രമം പൂര്‍വ്വികരായി പിന്തുടര്‍ന്നുപോരുന്നതാണ്. ആ ഭക്ഷണങ്ങള്‍ ആരോഗ്യപരമായി യോജിച്ചവയാണെന്ന് തെളിയിക്കപ്പെട്ടതുമാണ്. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഭക്ഷണശീലങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.