പരോളിലിറങ്ങി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി, കൊടി സുനി അറസ്റ്റില്‍

വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. പരോളിലിരിക്കെയാണ് കൊടി സുനി വീണ്ടും അറസ്റ്റിലായിരിക്കുന്നത്. വ്യാപാരിയായ യുവാവിനെ പരോളിലിറങ്ങിയ ശേഷം തട്ടിക്കൊണ്ട് പോയ കേസിലാണ് സുനിയെ കൂത്ത് പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വയനാട് സ്വദേശിയായ വ്യാപാരിയായ യുവാവാണ് പരാതി നല്‍കിയത്. പരോളിലിരിക്കെ കൊടി സുനിയും സംഘവും തട്ടിക്കൊണ്ടു പോയെന്നാണ് യുവാവിന്റെ പരാതി. സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ഇടപാടിലെ പിശകാണ് തട്ടിക്കൊണ്ടു പോകലില്‍ എത്തിയതെന്നാണ് സൂചന. കൊടി സുനിയുടെ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടന്ന് വരികയാണ്. കൊടി സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് കൊടി സുനി. ആര്‍എംപിയുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY