കോടതി വിധിയുമായി കനകദുര്‍ഗ വീട്ടിലെത്തി, ഭര്‍ത്താവും മക്കളും അമ്മയും വാടക വീട്ടിലേക്ക് മാറി

കോടതിവിധിയുമായി കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ തിരികെ എത്തി. എന്നാല്‍ കനകദുര്‍ഗ എത്തുന്നതിന് മുമ്പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നും വാടക വീട്ടിലേക്ക് മാറിയിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവും മാതാവും സമ്മതിച്ചില്ല. തുടര്‍ന്നാണ് കനകദുര്‍ഗ കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് മലപ്പുറം പുലാമന്തോള്‍ ഗ്രാമകോടതിയുടെ നിര്‍ദേശപ്രകാരമാണ് കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്.

കോടതിവിധി വന്നതിന് പിന്നാലെ കനകദുര്‍ഗ വീട്ടിലെത്തുമെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വീടു പൂട്ടി പുറത്തേക്ക് പോയി. പൊലീസെത്തി വാതില്‍ തുറന്നാണ് കനകദുര്‍ഗയെ പ്രവേശിപ്പിച്ചത്. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ പറഞ്ഞു.

ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. മക്കളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനം കോടതി പിന്നീട് അറിയിക്കും. മാര്‍ച്ച് 13ന് കേസ് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള പൊലീസ് സുരക്ഷ വീട്ടിലും തുടരും.

LEAVE A REPLY