കൊലപാതകിക്ക് സിപിഎമ്മിന്റെ ഏറ്റവും വലിയ ശിക്ഷ ഇതാണ്, പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലി(27)നെയും കൃപേഷി(21)നെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പെരിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കല്യോട്ട ഏച്ചിലടുക്കം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഎം ജില്ലാ കമ്മിറ്റിയാണ് പീതാംബരനെ പുറത്താക്കിയ വിവരം അറിയിച്ചത്. അതേസമയം കൊലപാതകത്തിനുള്ള ശിക്ഷ പുറത്താക്കലാണോ എന്നും, എതിര്‍ക്കുന്നവരെ കൊലപ്പെടുത്തിയ ശേഷം പുറത്താക്കിയാല്‍ പ്രശ്ന പരിഹാരമാകുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.
സി.പി.എം. പ്രവര്‍ത്തകരായ വത്സരാജ്, ഹരി, മുരളി, സജി, പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി ജോര്‍ജ് തുടങ്ങി ആറുപേരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരികയാണ്. ഇവരും കല്യോട്ട്, ഏച്ചിലടുക്കം സ്വദേശികളാണ്. പ്രദേശത്തെ സംഘര്‍ഷത്തേത്തുടര്‍ന്ന് പീതാംബരന് ആക്രമിക്കപ്പെട്ടതാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നിഗമനം.
ശരത്തിനെയും കൃപേഷിനെയും അക്രമികള്‍ക്കു കാട്ടിക്കൊടുത്തതടക്കം ഒത്താശ ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്കെതിരേ തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണു പ്രത്യേകാന്വേഷണസംഘം ഏഴുപേരെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ വൈകിട്ടുവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തശേഷമാണു പീതാംബരനെ അറസ്റ്റ് ചെയ്തത്.
പോലീസ് പിടികൂടിയയുടന്‍ പീതാംബരനെതിരേ നടപടിയെടുക്കാന്‍ സി.പി.എം. ജില്ലാനേതൃത്വത്തിനു സംസ്ഥാനസമിതി നിര്‍ദേശം നല്‍കുകയായിരുന്നു. സി.പി.എം. പ്രവര്‍ത്തകരെ പോലീസില്‍ ഹാജരാക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണു പിടികൂടിയതെന്നാണു സൂചന. എന്നാല്‍, അന്വേഷണം ഉന്നതരിലേക്കു വ്യാപിക്കാതിരിക്കാന്‍ ഡമ്മി പ്രതികളെ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.