കൊടുങ്ങല്ലൂരിയില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മയിയമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല, ദുരൂഹത

കൊടുങ്ങല്ലൂര്‍: യുവതിയേയും പിഞ്ച് കുഞ്ഞിനേയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍(2) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ടെയാണ് സംഭവം. ഈ സമയം കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

നായരമ്പലത്ത് ഇവരുടെ വീടിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാദിര്‍ഷാ ഇടയ്ക്ക് മാത്രമാണ് വാടക വീട്ടിലേക്ക് വന്നിരുന്നത്. ചൊവ്വാഴ്ച ഇവിടേക്ക് വന്ന നാദിര്‍ഷാ വൈകീട്ട് അഞ്ച് മണിയോടെ മടങ്ങി. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ രാവിലെ കാറില്‍ കാണുവാന്‍ പോകുവാനെന്ന് പറഞ്ഞ് പെട്രോള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നതായും പറയുന്നു.

മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൃഷ്ണ കുഞ്ഞിനൊപ്പം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY