ഓമനയെ ക്രൂരമായി കൊലപ്പെടുത്തി ചാക്കിലാക്കിയത് വിവാഹത്തിനായുള്ള പണം നേടാനായി; മുഖ്യപ്രതി റിമാന്‍ഡില്‍

പാലക്കാട് മാത്തൂര്‍ ചുങ്കമന്ദത്ത് വൃദ്ധയെ കൊലപ്പെടുത്തി ചാക്കില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായ മറ്റ് രണ്ട് പേര്‍ ചികിത്സയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ നടപടിയുണ്ടാകൂ. സ്വര്‍ണാഭരണത്തിന് വേണ്ടിയാണ് ഷൈജു കൊലപാതകം നടത്തിയതെന്നാണ് വിവരം.

ചുങ്കമന്ദം കൂമന്‍കാട് സ്വദേശി ഷൈജു, ബന്ധുവായ വിജീഷ്, സുഹൃത്ത് കൊഴിഞ്ഞല്‍പറമ്പ് പി.ഗിരീഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷൈജുമാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തെളിഞ്ഞത്. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതും കൊലപാതക ശേഷം ഷൈജുവിനെ സഹായിച്ചെന്നുമാണ് മറ്റ് രണ്ടു പേര്‍ക്കെതിരെയുളള ആരോപണം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ കൂടി പരിശോധിച്ച ശേഷമേ അറസ്റ്റു രേഖപ്പെടുത്തുവെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിജിഷും, ഗിരിഷും ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴച വൈകിട്ടാണ് സംഭവം ഉണ്ടായത്. കൂടംതൊടി വീട്ടില്‍ ഓമനയെ(63) ഷൈജു കൊലപ്പെടുത്തുകയായിരുന്നു. ഷൈജുവും ഓമനയുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ ഷൈജു ഓമനയുടെ തലയ്ക്കടിക്കുകയും താഴെ വീണതോടെ കയര്‍ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ചാക്കിലാക്കുകയുമായിരുന്നു. മൃതദേഹത്തില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ നല്‍കി വസ്ത്രങ്ങളും അലമാരയുമൊക്കെ വാങ്ങാന്‍ ഷൈജു ശ്രമിച്ചതോടെയാണ് പോലീസ് പിടി വീണത്.

ജോലിക്കൊന്നും പോകാതെ നിത്യവും മദ്യപിക്കുന്ന ഷൈജു വിവാഹിതനാകാന്‍ പണത്തിനായി ശ്രമിക്കുകയായിരുന്നുവെന്നും ഇതാകാം സ്വര്‍ണാഭരണമെടുത്ത് പണം കണ്ടെത്താന്‍ ഷൈജു ശ്രമിച്ചതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.