കോട്ടയം: ഓപ്പറേഷന് ചെയ്ത് ഐസിയുവില്‍ കിടന്ന രോഗിയുടെ നെഞ്ചില്‍ ട്രേ വെച്ചതിന് നഴ്സിനെ മാനസികമായി പീഡിപ്പിക്കുകയും, ബെഡ്ഡില്‍ കിടത്തി അവരുടെ ദേഹത്തും സമാന രീതിയില്‍ ട്രേവെച്ച് ശിക്ഷിക്കുകയും ചെയ്ത ഡോക്ടര്‍ക്ക് സ്ഥലം മാറ്റം. കോട്ടയം മെഡിക്കല്‍ കോളജിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
സഹപ്രവര്‍ത്തകയ്ക്ക് നേരയെുണ്ടായ നീക്കത്തിനെതിരെ നഴ്സുമാര്‍ ഒന്നായി രംഗത്തെത്തുകയും പണിമുടക്കുകയും ചെയ്തതോടെയാണ് സ്ഥലം മാറ്റം
എന്നാല്‍, രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്സിന് ചെറിയ ശിക്ഷ നല്‍കിയതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചിരുന്നു.
തിങ്കളാഴ്ച്ച സര്‍ജറി വിഭാഗം ഐ സി യുവിലായിരുന്നു സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ ബെഡ്ഡില്‍ നഴ്സുമാര്‍ ഉപയോഗിക്കുന്ന ട്രേ വെച്ചു മറന്നതിനായിരുന്നു ശിക്ഷാ നടപടി. രോഗി കിടന്നതിന് സമാനമായി കിടത്തി ഒന്നര മണിക്കൂറോളം ഉപകരണങ്ങള്‍ അടങ്ങിയ ട്രേ കാലില്‍ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് ആരോപണം.
എന്നാല്‍ മൂന്ന് കിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തില്‍ വെച്ച് മറന്നതെന്നാണ് ഡോ. ജോണ്‍ എസ് കുര്യന്റെ വിശദീകരണം. പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ കഴിയാത്ത രോഗിയുടെ ദേഹത്ത് ട്രേ വച്ചതിനായിരുന്നു ശിക്ഷാ നടപടി. എന്നാല്‍ ഡോക്ടര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രാക്യതമായല്ല നടപടി എടുക്കേണ്ടതെന്നാണ് നഴ്സുമാരുടെ പ്രതികരണം.
ഇത്തരം ശിക്ഷാ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന ജോണ്‍ എസ് കുര്യനു കീഴില്‍ തുടരാനാവില്ലെന്ന് നഴ്സുമാര്‍ കോളേജ് പ്രിന്‍സിപ്പളിനെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോക്ടറെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.