ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ കൊടും ഭീകരനും ; മൗലാനാ യൂസഫ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ കൊടുംഭീകരനുമെന്ന് റിപ്പോര്‍ട്ട്. ജെയ്‌ഷെ ഇ മൊഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹറും കൊല്ലപ്പെട്ട 300 തീവ്രവാദികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉസ്താദ് ഗൗരി, യൂസുഫ് അസ്ഹര്‍ എന്നെല്ലാം വിളിക്കപ്പെടുന്ന മൊഹമ്മദ് സലിം ഇന്ത്യ തെരയുന്ന കൊടും ഭീകരനും ഇന്റര്‍പോളിന്റെ പട്ടികയിലെ പ്രമുഖനുമാണ്.

പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബലാക്കോട്ടേയിലെ തീവ്രവാദ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ യൂസുഫ് കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇവിടെ മേല്‍നോട്ടം വഹിക്കുന്നത് യൂസുഫായിരുന്നു എന്നാണ് വിവരം. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കില്‍ ഇവിടെ അനേകം തീവ്രവാദികളും പരിശീലകരും സീനിയര്‍ കമാന്റര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജനവാസകേന്ദ്രത്തില്‍ നിന്നും ഏറെ അകലെ മലമുകളിലെ കൊടും കാട്ടിലാണ് ജെയ്‌ഷെ ഇ മുഹമ്മദിന്റെ മൗലാന യൂസുഫ് അസ്ഹര്‍ നയിക്കുന്ന തീവ്രവാദകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

അതേസമയം യൂസുഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി മറികടന്ന് പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചത്. ബലാകോട്ടേ, മുസാഫറാബാദ്, ചാകോതി എന്നിവിടങ്ങളിലായിരുന്നു ആക്രമണം നടത്തിയത്.