ചെന്നൈ: തമിഴ്‌നാട്ടിലെ താരാരാധന വളരെ പ്രസിദ്ധമാണ്. ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഇഷ്ടതാരത്തിന്റെ കട്ടൗട്ടില്‍ പാല്‍ അഭിഷേകവും എല്ലാം സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു പരാതിയുമായി തമിഴ്‌നാട്ടിലെ പാല്‍ വ്യാപാരികള്‍ രംഗത്തുവന്നിരിക്കുകയാണ്.
സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസാകുന്ന അന്ന് പാല്‍ പാക്കറ്റുകള്‍ വ്യാപകമായി മോഷണം പോകുന്നുവെന്നാണ് പരാതി. വലിയ തോതില്‍ മോഷണം നടക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നു പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ കട്ടൗട്ടുകളില്‍ പാല്‍ അഭിഷേകം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പാല്‍ക്കച്ചവടക്കാര്‍ ഇപ്പോള്‍.
ടണ്‍കണക്കിന് പാലാണ് ഇത്തരത്തില്‍ പാഴാകുന്നത്. ഇത് തടയാന്‍ നടപടി വേണമെന്നും റിലീസ് ദിനങ്ങളില്‍ പാല്‍ കടകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട് പാല്‍ വില്‍പന വിതരണ തൊഴിലാളി ക്ഷേമ സംഘടനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2015 മുതല്‍ ഇതിനായി പ്രവര്‍ത്തിക്കുകയാണെന്നും രജനീകാന്തും അജിത്തുമടക്കം എല്ലാ സൂപ്പര്‍ താരങ്ങളെയും സമീപിച്ചിരുന്നെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. നേരത്തെ ഈ വിഷയത്തില്‍ സൂപ്പര്‍ താരങ്ങളോട് തന്നെ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നകത്.
തന്റെ പുതിയ ചിത്രം വന്ത രാജാവാതാന്‍ വരുവേന്റെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തണമെന്ന് നടന്‍ സിമ്പു ആരാധകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വീണ്ടും പരാതിയുമായി വില്‍പ്പനക്കാര്‍ രംഗത്തെത്തിയത്. അര്‍ദ്ധരാത്രിയാണ് പാക്കറ്റ് പാലുകള്‍ വിതരണത്തിനായി എത്തുന്നത്. അത് കൊണ്ട് തന്നെ കടയ്ക്ക് പുറത്തുള്ള പ്ലാസ്റ്റിക്ക് പെട്ടികളിലാണ് പാല്‍ പാക്കറ്റുകള്‍ ഇറക്കി വയ്ക്കാറ്. ഇവിടെ നിന്നാണ് ആരാധകര്‍ പാല് മോഷ്ടിക്കുന്നത്.