ബിജു രമേശ് കംസന്‍, വധിക്കാന്‍ ജനിച്ച ശ്രീകൃഷ്‌ണനാണു താനെന്ന് അനന്തിരവന്‍; രാജധാനി’യില്‍ കുടുംബകലഹം: പോലീസ്‌ സുരക്ഷ തേടി ബിജു രമേശും സഹോദരിയും

ബാര്‍ കോഴ ആരോപണത്തിലൂടെ യു.ഡി.എഫ്‌. സര്‍ക്കാരിനെ പിടിച്ചുലച്ച വ്യവസായി ബിജു രമേശിന്റെ കുടുംബത്തിലെ പോര്‌ പോലീസ്‌ കേസിലേക്ക്‌. കുടുംബകലഹത്തേത്തുടര്‍ന്ന്‌ ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പോലീസിനെ സമീപിച്ചു.
മാതാവിനും തനിക്കും മകനും സംരക്ഷണം വേണമെന്നാണു ചിത്രയുടെ ആവശ്യം.

സഹോദരീപുത്രന്‍ അഭിലാഷ്‌ വധഭീഷണി മുഴക്കുന്നുവെന്നുവെന്നാണു ബിജുവിന്റെ പരാതി. “ഞാന്‍ കംസനാണെന്നും എന്നെ വധിക്കാന്‍ ജനിച്ച ശ്രീകൃഷ്‌ണനാണു താനെന്നും എതിര്‍കക്ഷി പലരോടും പറഞ്ഞിട്ടുണ്ട്‌. എന്നെ പലപ്പോഴും ഈ വിധത്തില്‍ ഭീഷണിപ്പെടുത്തുന്നു”- ബിജു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതികളുടെ അടിസ്‌ഥാനത്തില്‍ രണ്ടുകൂട്ടര്‍ക്കും സംരക്ഷണം നല്‍കാനാണു പോലീസിന്റെ തീരുമാനം.

തിരുവനന്തപുരത്തു നിരവധി ബാറുകളും ഹോട്ടലുകളും ഭൂസ്വത്തുമുള്ള ബിജുവും ചിത്രയും മദ്യവ്യവസായിയായിരുന്ന രമേശന്റെ (രമേശന്‍ കോണ്‍ട്രാക്‌ടര്‍) മക്കളാണ്‌. ചിത്രയുടെ മകനാണ്‌ അഭിലാഷ്‌. തലസ്‌ഥാനത്ത്‌ കിഴക്കേക്കോട്ടയിലെ രാജധാനി സമുച്ചയത്തില്‍ രണ്ടു വീടുകളിലായാണു ബിജുവും മൂത്തസഹോദരി ചിത്രയും താമസിക്കുന്നത്‌.

താനും അമ്മയും തന്റെ മക്കളും താമസിക്കുന്ന “സംതൃപ്‌തി” എന്ന വീട്‌ പിതാവ്‌ വില്‍പ്പത്രപ്രകാരം തന്നതാണെന്നും അതു കൈവശപ്പെടുത്താന്‍ ബിജു ശ്രമിക്കുന്നുവെന്നുമാണു ചിത്രയുടെ പരാതി. മദ്യലഹരിയില്‍ കഴിഞ്ഞമാസം ഡ്രൈവര്‍ക്കൊപ്പം വീട്ടില്‍ക്കയറി മകനെ പിടിച്ചുതള്ളിയെന്നും വീടൊഴിഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ബിജുവിനെതിരേ അമ്മയും മരിക്കുന്നതിനു മുമ്പ്‌ അച്‌ഛന്‍ രമേശനും പോലീസിനെ സമീപിച്ചിരുന്നെന്നും ചിത്ര വെളിപ്പെടുത്തുന്നു. ആള്‍ബലവും ധനശേഷിയും സ്വാധീനവുമുള്ള ബിജുവിനെതിരേ തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.

അച്‌ഛന്റെ മരണശേഷം, വീടിന്‌ അവകാശമുന്നയിച്ച്‌ കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പേരിലാണ്‌ അഭിലാഷ്‌ തന്നെ ഭീഷണിപ്പെടുത്തുന്നതെന്നു ബിജുവിന്റെ പരാതിയില്‍ പറയുന്നു. താനും കുടുംബവും ആ വീട്ടില്‍ക്കൂടിയാണു സ്വന്തം വീട്ടിലേക്കു പോകുന്നത്‌. അവിടെ കടക്കാന്‍ അനുവദിക്കുന്നില്ല.

കഴിഞ്ഞമാസം വഴിതടഞ്ഞ്‌ തന്നെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇപ്പോള്‍ ജോലിക്കാര്‍ക്കുള്ള വഴിയിലൂടെയാണു വീട്ടിലേക്കു പോകുന്നത്‌. അഭിലാഷിന്റെ പിതാവ്‌ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതായും ബിജുവിന്റെ പരാതിയില്‍ പറയുന്നു.