തലസ്ഥാന ജില്ലയിൽ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ. ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി ചിക്കുന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ അറിയിച്ചു. തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പഠനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂര്‍, കുളത്തൂര്‍, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡിഎംഒ അറിയിച്ചു.

LEAVE A REPLY