തിരുനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ചോര്‍ന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് ബജറ്റ് ബഹിഷ്കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ബജറ്റിന്റെ പകര്‍പ്പ് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംഭവം പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന വിശദീകരണം നല്കിയ മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തിലും ബജറ്റ് അവതരണം തുടര്‍ന്നപ്പോള്‍ മീഡിയാ റൂമിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബജറ്റിലെ വായിക്കാത്ത ഭാഗങ്ങള്‍ അവതരിപ്പിച്ചു.
ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ബജറ്റ് ചോര്‍ന്നിട്ടുള്ളത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ചെന്നിത്തല ആരോപിച്ചു.
അവതരണത്തിന് മുന്‍പ് ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.