പാലക്കാട് ഡി.ഡി.ഇയുടെ ‘പ്രേമം’ സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് വശീകരിക്കുന്നതിനെതിരെ ബോധവത്കരണം നടത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അറിവോടെല്ലെന്നും ഡി.പി.ഐ അറിയിച്ചു. വിവാദ സര്‍ക്കുലര്‍ സംബന്ധിച്ച് പാലക്കാട് ഉപവിദ്യാഭ്യാസ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു.

പൊലീസ് ഇന്റലിജന്‍സ് എ.ഡി.ജി.പി മുഴുവന്‍ ജില്ലകലക്ടര്‍മാര്‍ക്കും ഫെബ്രുവരി 14ന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലകലക്ടര്‍ നിര്‍ദേശിച്ചപ്രകാരമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പെണ്‍കുട്ടികള്‍ ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ ക്‌ളാസുകള്‍, അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം, ബാലിശപ്രണയങ്ങള്‍ക്കെതിരെ ഹ്രസ്വചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവയായിരുന്നു കലക്ടറില്‍ നിന്ന് ലഭിച്ച കത്തില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY