തിരുവനന്തപുരം : പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു. പ്രതികള്‍ നാടുവിടാതിരിക്കാനായി വിമാനത്താവളങ്ങളിലും സര്‍ക്കുലര്‍ നല്‍കും.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനത്തിലേയ്ക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.
ഇതിനിടെ, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പി.ആര്‍.ഒ എന്നീ മൂന്നുപേരുടെ മുറികളിലെ സിസിടിവി ദൃശ്യങ്ങളാണ് ജിഷ്ണു മരിച്ച ദിവസം നശിപ്പിക്കപ്പെട്ടത്.