കടുത്തുരുത്തി: ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി മറ്റൊരു സ്ഥലത്ത് പുനസ്ഥാപിക്കുന്നതിനുള്ള അധികൃതരുടെ നടപടിക്ക് എതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് കുടിയന്മാരുടെ ശക്തിപ്രകടനം. പരാതി നല്‍കിയവര്‍ പകല്‍മാന്യന്മാരാണെന്നും രാത്രിയില്‍ മദ്യപിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയണമെന്നും കുടിയന്മാരുടെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കടുത്തുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് കടുത്തുരുത്തി ആദിത്യപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കവെ ബിവറേജസ് ഔട്ട്‌ലറ്റ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയത്. ഇതോടെ ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നത് പ്രതിസന്ധിയിലായതോടെ 50-ഓളം വരുന്ന പ്രദേശത്തെ കുടിയന്മാര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റോഡിലിറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.30ന് വാലാച്ചിറ ജങ്ഷനില്‍നിന്നും ആദിത്യപുരംവരെ മുദ്രാവാക്യങ്ങളുമായി കുടിയന്മാര്‍ നിരന്നപ്പോള്‍ നാട്ടുകാര്‍ക്കത് കൗതുകക്കാഴ്ചയായി..