ചെന്നൈ: അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജന് പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.
ജയലളിതയുടെ മരണശേഷം ഓ. പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പന്നീര്‍സെല്‍വത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് പാര്‍ട്ടിക്കകത്ത് പ്രതിഷേധം സൃഷ്ടിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ ശശികല മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും, ആവശ്യാനുസരണം ശശികല ഉടന്‍ സ്ഥാനമേല്‍ക്കുമെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
അണ്ണാ ഡിഎംകെയിലെ മന്ത്രിമാര്‍ പയസ് ഗാര്‍ഡനില്‍ ചെന്ന് ശശികലയെ നേരിട്ട് കണ്ട് തങ്ങളുടെ അഭ്യര്‍ഥന അറിയിച്ചിട്ടുണ്ട്. തങ്കമണി, ഉദയകുമാര്‍, സെല്ലൂര്‍ രാജു, കഡമ്പൂര് രാജു തുടങ്ങിയ മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ മല്‍സരിച്ച് എം എല്‍ ഏ ആകുവാന്‍ ശശികലയെ ക്ഷണിച്ചിട്ടുമുണ്ട്.
ലോക് സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ ഒരു അറിയിപ്പില്‍ ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍, പന്നീര്‍ശെല്‍വം പയസ് ഗാര്‍ഡനില്‍ ചെന്ന് ശശികലയെ കണ്ട് തന്റെ രാജിക്കത്ത് നല്‍കിയതായും അഭ്യൂഹങ്ങളുണ്ട്.