ജബ്ബാറിന്റെ ജീവിത കലയ്ക്ക് വിസ്മയാനുഭവം

ദോഹ: ഖത്തറിന്റെ ക്യാന്‍വാസില്‍ ജീവിതം വരയ്ക്കുകയാണ്ജബ്ബാര്‍ കേച്ചേരി. വരയും വര്‍ണ്ണങ്ങളും അഭിനിവേശമാണെങ്കിലും ജീവിത വഴി പ്രവാസത്തിന്റെതായി മാറുകയായിരുന്നു .മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങിയ പ്രവാസജീവിതത്തില്‍ ജബ്ബാര്‍ ചിത്രങ്ങള്‍ വരച്ചുനല്‍കിയത് ഖത്തറിലെ ഭരണസിരാകേന്ദ്രങ്ങളിലെ പ്രശ്‌സ്തരുള്‍പ്പെടെയുള്ളവര്‍ക്ക് . ചിത്രകലയിലെ സര്‍ഗപരമായ കഴിവ് മറ്റെന്തിനേക്കാളും ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും വര്‍ണങ്ങളില്‍ ചാലിക്കുകയെന്ന ദൗത്യം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ജബ്ബാര്‍. ഖത്തറിന്റെ കലയും സാംസ്‌കാരികതയും , , സാഹിത്യവും ചരിത്രവും സമുദ്രയാന പൈതൃകവുമടങ്ങുന്ന ജീവിതരീതി ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ ഓരോ ചിത്രവും ജബ്ബാറിലെ ചിത്രകാരന് മാതൃരാജ്യത്തോടുള്ള ആത്മസമര്‍പ്പണമായി മാറുകയാണ്. ഖത്തറെന്ന ചെറു രാജ്യത്തെ നിറഭേദങ്ങളുടെ വലിയ ഫ്രെയിമിലേക്ക് പകര്‍ത്തുമ്പോള്‍ ഖത്തറിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലദിയ ജീവനക്കാരനായിട്ടായിരുന്നു ജബ്ബാര്‍ഖത്തറിലെത്തിയത്. മണല്‍നാട്ടിലെ ജീവിതത്തോടൊപ്പം സര്‍ഗപരമായ ചിത്രരചനയുംഭാവനകളില്‍ നിറംചാലിച്ചുകൊണ്ട് തുടര്‍ന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് കൂടുതല്‍ സമയവും ബ്രഷും,ക്യാന്‍വാസും കയ്യിലെടുക്കാന്‍ തുടങ്ങിയത് . പോര്‍ട്രെയ്റ്റുകളിലും ഓയില്‍ പെയിന്റിങ്ങുകളിലും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ജബ്ബാറിന് കിട്ടിയ ജീവിത സമ്മാനമാണ് ഖത്തറിലെ പ്രവാസജീവിതം. ചെന്നൈയിലെ ശാന്തനു ചിത്ര വിദ്യാലയത്തില്‍ നിന്നാണ് ജബ്ബാര്‍ കേച്ചേരി ചിത്രകല അഭ്യസിച്ചത്. പ്രവാസത്തിന് മുമ്പ് നാട്ടില്‍ സൈന്‍ ബോര്‍ഡുകളും ഡിസൈന്‍ ജോലികളും ചെയ്തിരുന്നതോടൊപ്പം മേക്കപ്പ്, ആര്‍ട്ട് ഡയറക്ടറുമായിരുന്നു. ചിത്ര രചനക്കൊപ്പംവിവിധ രാജ്യങ്ങളിലെ സ്റ്റാമ്പ്കളുടെ വിപുലമായ ശേഖരണവും ജബ്ബാറിന്റെ കൈവശമുണ്ട്. ബലദിയയില്‍ ജോലി തുടങ്ങിയതോടെ അന്നത്തെ ഖത്തര്‍ സ്റ്റീല്‍ ചെയര്‍മാനും പബ്ലിക് വര്‍ക്‌സ് മന്ത്രിയുമായിരുന്ന അഹമ്മദ് മുഹമ്മദ് അലി അല്‍ സുബൈക്ക് വേണ്ടി നിരവധി ചിത്രങ്ങള്‍ വരച്ചു. 1982 ല്‍ ഭരണത്തിന്റെ പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി അന്നത്തെ ഭരണാധികാരിയായിരുന്നു പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടേയും പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടേയും വലിയ ചിത്രങ്ങളാണ് ഓയില്‍ പെയിന്റില്‍ ജബ്ബാര്‍ വരച്ചത്. ടാബ്ലോയില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് എട്ട് അടി നീളവും നാലടി വീതിയുമുള്ള ചിത്രങ്ങള്‍ വരച്ചത്. ജബ്ബാറിന്റെ ചിത്രരചനാ വൈദഗ്ധ്യം ഭരണാധികാരികളുടെ ശ്രദ്ധ നേടുകയും ചെയ്തു.

ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും സമുദ്രയാന പൈതൃകവും മുത്തുവാരലുമെല്ലാം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ എല്ലാം ഓയില്‍ പെയിന്റിങ്ങിലാണ് വരച്ചിരിക്കുന്നത്. ഓയില്‍ പെയിന്റിങ്ങുകള്‍ നൂറു വര്‍ഷം പിന്നിട്ടാലും അതേപടി നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് മാധ്യമങ്ങളിലൂടെയുള്ള ചിത്ര രചന അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഫനാര്‍ ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറള്‍ സെന്റര്‍ തുടങ്ങി നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളാണ് കേച്ചേരിയുടെ ക്യാന്‍വാസില്‍ പതിഞ്ഞത്. അഞ്ച് മക്കളാണ് ജബ്ബാറിനുള്ളത്. ഭാര്യ ഷാജിതക്കും മക്കള്‍ക്കുമൊപ്പം അബു ഹമൂറിലാണ് താമസം. വിശ്രമജീവിതത്തില്‍ വരകളുടെ ലോകത്ത് മുഴുകാനാണ് ഏറെ താത്പര്യവും. സൂഖ് വാഖിഫിന്റെ ചിത്രമാണ് ജബ്ബാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്

muhammad

 

 

മുഹമ്മദ് ഷഫീക്ക് അറക്കല്‍