പാലാ: ഇരകള്‍ക്ക് നേരെ പോലീസിന്റെ അധിക്രമം വീണ്ടും. പാലായില്‍ ബൈക്കില്‍ ഹെല്‍മറ്റ് വെയ്ക്കാത യാത്രചെയ്ത മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അകാരണമായി മര്‍ദിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായുമാണ് ആരോപണം. പാലാ സ്റ്റേഷനിലെ എസ്.ഐ ജി അനൂപാണ് ആരോപണ വിധേയന്‍.
ഈരാറ്റുപേട്ട സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെ അഞ്ചുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പറയുന്നു. അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജ് ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളും ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളുമായ അന്‍വര്‍ഷാ, ഷെബിന്‍, അല്‍ഫാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കേവലം പിഴ ശിക്ഷയീടാക്കേണ്ട കുറ്റത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസിന്റെ ക്രൂരത. വിഷയത്തില്‍ പ്രതികരിക്കാന്‍ എസ്.ഐ ഇതുവരെ തയ്യാറായിട്ടില്ല.
ആറുദിവസം മുമ്പാണു സംഭവം. രാത്രി ഏഴുമണിയോടെ പാലാ ടൗണില്‍ ടീ ഷര്‍ട്ട് വാങ്ങാനായി പോയ വിദ്യാര്‍ത്ഥി സംഘത്തെ മഹാറാണി തീയേറ്റര്‍ പരിസരത്തുവച്ചാണ് പോലീസ് തടഞ്ഞത്. എന്നാല്‍ പേടിച്ചു നിര്‍ത്താതെ പോയ വിദ്യാര്‍ത്ഥികളെ പൊലീസ് ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നതോടെ ഇവര്‍ റോഡിനരികിലുള്ള ഒരു കുഴിയിലേക്കു വീഴുകയായിരുന്നു. ഇവിടുന്ന് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വഴിമധ്യേ തന്നെ തുടങ്ങിയിരുന്നു പൊലീസിന്റെ അസഭ്യവര്‍ഷവും മര്‍ദനവും.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ശേഷം എസ്‌ഐ, ഇവരെ മതിലില്‍ ചാരിനിര്‍ത്തി അടിവയറ്റില്‍ മുട്ടുകാല്‍കൊണ്ടു കുത്തുകയും കരണത്തടിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ശേഷം കൈ കൊണ്ടു അടിവയര്‍ ബലമായി പിടിച്ചുഞെരിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ദനത്തിന്റെ ശക്തിയില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് നിന്നനില്‍പ്പില്‍ മൂത്രം പോയി.
ഈരാറ്റുപേട്ടയുടെ പേരുപറഞ്ഞു പോലീസ് ചീത്തവിളിച്ചതായും ആരോപണമുണ്ട്. ബോംബ് എവിടേടാ തീവ്രവാദികളേ, നിന്റെയൊക്കെ കളിയങ്ങു പേട്ടയില്‍ മതി, ഐഎസ് മക്കളേ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളുമാണു വിദ്യാര്‍ത്ഥികള്‍ക്കു എസ്.ഐ പ്രയോഗിച്ചത്. ഏഴുമുതല്‍ 12 മണിവരെ പീഡനം തുടര്‍ന്നതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. തുടര്‍ന്ന്, വിവരമറിഞ്ഞ സിഐ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐ ഇവരെ വിട്ടയച്ചത്. തുടര്‍ന്ന് നടക്കാന്‍പോലുമാവാതെ അവശരായ കുട്ടികളെ ബന്ധുക്കളെത്തിയാണ് വീട്ടിലെത്തിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് നാളെ പരാതി നല്‍കുമെന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. 14 കാരനെ സ്റ്റേഷനില്‍ക്കൊണ്ടുപോയി അകാരണമായി മര്‍ദ്ദിച്ച വരാപ്പുഴ എസ്‌ഐയോട് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസമാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.