അറുപതുകഴിഞ്ഞ കേരളം ഇനിയെങ്ങോട്ട്…

കേരളം പിറന്നിട്ട് 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ എവിടെയെത്തിയിരിക്കുന്നു എന്ന ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെങ്കിലും സാംസ്‌കാരിക പരമായി പിന്നോട്ട് പോയിരിക്കുന്നു. 60 വര്‍ഷം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നത്.
തൊഴില്‍,റോഡുകള്‍, വ്യവസായം,വിദ്യാഭ്യാസം, കാര്‍ഷികം , ആരോഗ്യം, ആദിവാസി തുടങ്ങി മറ്റ് പല അടിസ്ഥാന മേഖലകളിലും ഇന്നും കേരളം പിറകിലാണ്.
ഇത്രയും നാള്‍ ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തില്‍ ആകെ ഉണ്ടാക്കിയത് പ്രവാസികളെ മാത്രമാണ്. ജീവിതത്തില്‍ പരാജയപ്പെട്ട് നാടുവിട്ട് പോകേണ്ടി വന്നവരാണ് നല്ലൊരു ശതമാനം പ്രവാസി മലയാളികളും.

 

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളെക്കാള്‍ ഏറെയാണ് പൂട്ടിക്കിടക്കുന്നവ. സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ പലതുംകൊണ്ടു വന്നെങ്കിലും പുതിയ വ്യവസായ ശാലകള്‍ കൊണ്ടുവരുന്നില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. നല്ലൊരു റോഡ് കാണണമെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ പോകേണ്ടിവരും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടത്തിന് അടിസ്ഥാന കാരം റോഡുകളുടെ വീതിക്കുറവും നിലവാരം ഇല്ലായ്മയുമാണ്. വര്‍ഷം തോറും കോടികള്‍ ചെലവഴിച്ച് റോഡുകള്‍ നന്നാക്കുന്നുവെങ്കിലും തൊട്ടുപിന്നാലെ അവ തകരുന്ന സ്ഥിതിയാണ്.
ചീഞ്ഞുനാറുന്ന കേരള രാഷ്ട്രീയവും കൊലപാതകവും ഇനി എന്ന് നിര്‍ത്തപ്പെടും. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഉദ്യോഗസ്ഥതലങ്ങള്‍ വരെ പലപ്പോഴും സമരപാതയിലാണ്.
ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയും സൗകര്യക്കുറവും നീറുന്ന പ്രശ്‌നങ്ങളാണ്. വൃത്തിഹീനമായ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്നാല്‍ തന്നെ പുതിയ അസുഖം പിടിക്കപ്പെടും. വിദ്യാഭ്യാസമേഖലയിലെ കച്ചവടവത്കരണവും നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ആദിവാസിമേഖലയിലെ സര്‍ക്കാരുകളുടെ അവഗണന മുതലാക്കി രക്ഷകരെന്ന വ്യാജേന മാവോയിസ്റ്റുകള്‍ പിടിമുറുക്കിക്കിഞ്ഞിരിക്കുന്നു. കുറഞ്ഞുകൊണ്ടിരിക്കുന്ന കൃഷിഭൂമിയും കൃഷിചെയ്യാന്‍ മടിക്കുന്ന പുതുതലമുറയും കേരളത്തിന്റെ വെല്ലുവിളിയാണ്. കൃഷിഭൂമിയില്‍ ഫ്‌ളാറ്റുകള്‍ കൂണുകള്‍ പോലെ പൊട്ടിമുളയ്ക്കുന്നു. സ്ത്രീകള്‍ ഇന്നും വഴിയോരങ്ങളിലും വീടുകളിലും ജോലിസ്ഥലത്തും പിച്ചിച്ചീന്തപ്പെടുകയാണ്. എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ഓരോ മുന്നണിയേയും അധികാരത്തിലേറ്റുന്ന ജനങ്ങളാണ് ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്.
-രതീഷ് വി.