ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. മാര്‍ച്ച് 11ന് എല്ലാം സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11 ന് ഒന്നാംഘട്ടം ജനവിധി നടക്കും. ഫെബ്രുവരി 15 ന് രണ്ടാംഘട്ടം, ഫെബ്രുവരി 19 ന് മൂന്നാംഘട്ടം, ഫെബ്രുവരി 23 ന് നാലാംഘട്ടം, ഫെബ്രുവരി 27 ന് അഞ്ചാംഘട്ടം, മാര്‍ച്ച് നാല് ന് ആറാംഘട്ടം, മാര്‍ച്ച് എട്ടിന് ഏഴാംഘട്ടം എന്നീ തീയതികളിലായി യുപി തെരഞ്ഞെടുപ്പ് നടക്കും.
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന് അറിയിച്ചു. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് ജനവിധി നടക്കും. ഗോവയില്‍ 40 മണ്ഡലങ്ങളും പഞ്ചാബില്‍ 117 മണ്ഡലങ്ങളുമാണ് ഉള്ളത്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15 ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരില്‍ രണ്ടുഘട്ടമായാണ് ജനവിധി. മാര്‍ച്ച് നാലിന് ആദ്യഘട്ടവും മാര്‍ച്ച് എട്ടിന് രണ്ടാഘട്ടവും നടക്കും.
അഞ്ച് സംസ്ഥാനങ്ങളിലായി 16 കോടി വോട്ടര്മാാണ് ഉള്ളത്. 690 മണ്ഡലങ്ങളിലേയ്ക്ക് 1,85,000 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ജനുവരി 12ന് മുന്‍പ് പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 693 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് 1,85,000 പോളിംഗ് ബൂത്തുകളാണ് കമ്മീഷന് സജ്ജീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സൗകര്യം നോക്കിയല്ല തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതെന്ന് നസീം സെയ്ദി അറിയിച്ചു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ബാങ്ക് അക്കൗണ്ട് വഴി നടത്തണം. പ്രചാരണ സമയത്ത് ശബ്ദമലിനീകരണം അനുവദിക്കില്ലെന്നും ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.