ഇനി ലാലേട്ടനെ തൊട്ടാല്‍ വിവരം അറിയും; വെല്ലുവിളിയില്‍ വിറച്ച് ഷാജോണ്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദൃശ്യത്തിലും ഒപ്പത്തിലും പോലീസ് വേഷത്തില്‍ തിളങ്ങിയ താരമാണ് കലാഭവന്‍‍ ഷാജോണ്‍. ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ തല്ലി ചതയ്ക്കുന്ന ക്രൂരന്‍ പരിവേഷമാണ് ഷാജോണിന് ലഭിച്ചത്. ഇതില്‍ നിന്ന് തനിക്ക് ആശ്വാസം നല്‍കുന്ന സിനിമയാണ് ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാജോണ്‍. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇത് പറഞ്ഞത്.

ദൃശ്യം സിനിമയ്ക്ക് ശേഷം ആരാധകര്‍ക്കുണ്ടായ ദേഷ്യം മാറുന്നതിനിടെയാണ് പ്രിയന്‍ സാര്‍ ഒപ്പത്തിലേയ്ക്ക് വിളിച്ചത്. ലാലേട്ടനെ ഇടിക്കുന്ന സീനുണ്ടോ എന്ന് ചോദിച്ചു, ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എന്നെ ആരും വെച്ചേക്കില്ലെന്ന് പറഞ്ഞു. സാരമില്ല ലാല്‍ തിരിച്ചിടിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ സമാധാനമായി. തീയറ്ററിലെ കയ്യടി കണ്ടപ്പോള്‍ വീണ്ടും ബോധ്യമായി പ്രേക്ഷകര്‍ക്ക് എന്ത് ദേഷ്യം ഉണ്ടെന്ന്.

ഈ സിനിമയ്ക്ക് വേണ്ടി ജിബു ചേട്ടന്‍ വിളിച്ചപ്പോഴും ചോദിച്ചത് ഇടിയുണ്ടോ എന്നാണ്. ഇല്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. അങ്ങനെ ഷൂട്ടിങിനായി കോഴിക്കോട് എത്തിയപ്പോള്‍ ഷൂട്ടിങ് കാണാന്‍ വന്ന പിള്ളേര്‍ പറഞ്ഞു. ചേട്ടായി ഇതില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ? തല്ലിയാല്‍ ഇത് കോഴിക്കോടാണ് തിരിച്ചു പോകൂല്ലാട്ടോ എന്ന്. ഇല്ലെന്നറിഞ്ഞപ്പോള്‍ അവരും ഓക്കെ ആയി. ഉണ്ടായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നെന്നും ഷാജോണ്‍ പറയുന്നു.