നാട്ടകം പോളിയില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം : കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജില്‍ റാഗിങിന് ഇരയായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുക.

 

ദളിത് വിഭാഗങ്ങളിപ്പെട്ടവരാണ് പരാതിക്കാര്‍ എന്നതിനാല്‍ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടകം കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളായ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷിജു ഡി.ഗോപി എന്നിവരാണ് റാഗിങിന് ഇരയായി ചികിത്സയില്‍ കഴിയുന്നത്.

 

കേസില്‍ ഒളിവിലായിരുന്ന എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, ചാലക്കുടി സ്വദേശി ജെയ്‌സണ്‍ തിരുവനന്തപുരം സ്വദേശി മനു, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ് എന്നിവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.