വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാവോവാദികളെന്ന് സംശയിച്ചാണ് നടപടി. മംഗലംപാലത്ത് ‘ഗദ്ദിക -2016’ന്റെ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം.
പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര രതീഷ്, മുതലമട രാജു, കൊല്ലങ്കോട് മണികണ്ഠന്‍ എന്നിവരെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വനഭൂമി കൈയേറി ഭൂമിക്ക് വേണ്ടി സമരം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്താന്‍ എത്തിയതായിരുന്നു സംഘം.
പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നത്. എന്നാല്‍ സന്ദര്‍ശനത്തിന് പോലീസ് അനുവദിച്ചില്ല. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പുതന്നെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ട് പോയതായി ഊരുമൂപ്പന്‍ വേലായുധന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് പരാതിപറയാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ലെന്നും രതീഷിന്റെ ഉടുമുണ്ട് അഴിച്ചതായും പരാതിയുണ്ട്. മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലത്തെി കുത്തിയിരുന്ന് പ്രതിഷേധം നടത്തി. രാത്രി എട്ടരയോടെയാണ് ഇവരെ വിട്ടയച്ചത്.