തലൈവി ഇനി ഒര്‍മ്മ

    ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ നാലിന് വൈകിട്ട് ഉണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ ആരോഗ്യ നില വഷളാക്കിയത്. തുടര്‍ന്ന് ജയലളിത തമിഴരെ പൊട്ടിക്കരയിപ്പിച്ച് ലോകത്തോട് വിടപറയുകയായിരുന്നു.

    ജാനകീ രാമചന്ദ്രന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ജയലളിത. എം ജി ആറിനൊപ്പമുള്ള സിനിമ ജീവിതവും അടുപ്പവുമാണ് ജയയെ രാഷ്ട്രീയത്തില്‍ എത്തിച്ചത്. 1980ല്‍ ജയ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി. 1984ല്‍ എ.ഐ.എ.ഡി.എം.കെ പാനലില്‍ ജയ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തോടെ പാര്‍ട്ടിയില്‍ അനിഷേധ്യ നോതാവായി മാറിയ ജയലളിത 1991ല്‍ ആദ്യമായി മുഖ്യമന്ത്രി പദവിയില്‍ എത്തി.

    1996ലെ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട ജയ 2001ല്‍ മുഖ്യമന്ത്രി പദവിയില്‍ തിരിച്ചെത്തി. അഴിമതി കേസുകളില്‍ വിചാരണ നേരിടുന്നതിനെ തുടര്‍ന്ന് 2001ലെ തെരഞ്ഞെടുപ്പില്‍ ജയയ്ക്ക് പത്രിക സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. നാല് മാസത്തിന് ശേഷം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവയ്ക്കുകയും ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ആകുകയും ചെയ്തു.

    ചില കേസുകളില്‍ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്ത ആക്കിയതിനെ തുടര്‍ന്ന് 2003ല്‍ ജയ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ആണ്ടിപ്പട്ടി നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചാണ് ജയ സഭയില്‍ എത്തിയത്. 2011ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ജയലളിത 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ ആര്‍.കെ നഗറില്‍ നിന്നുള്ള എം.എല്‍.എയാണ് ജയലളിത. 2015ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ അവര്‍ തെരഞ്ഞെടുത്ത മണ്ഡലവും ആര്‍.കെ നഗറാണ്.

    ആദ്യ തവണ മുഖ്യമന്ത്രി ആയപ്പോള്‍ നേരിട്ട അഴിമതി ആരോപണങ്ങളില്‍ 2014ല്‍ ജയലളിതയെ കോടതി ശിക്ഷിച്ചത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ കരിനിഴലാണ്. കേസില്‍ 2014 സെപ്റ്റംബര്‍ 27ന് ജയലളിത അടക്കം നാല് പ്രതികളെ ബംഗളുരു പരപ്പന അഗ്രഹാര കോടതി നാല് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഈ കേസില്‍ 2014 ഒക്‌ടോബറില്‍ ജയയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 2015 മെയ് മാസത്തില്‍ ജയയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തമാക്കി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ആദ്യ നേതാവാണ് ജയ.

    അമ്മ എന്നും പുരട്ചി തലൈവി എന്നും തമിഴകം  എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ജയലളിത 1948 ഫെബ്രുവരി 24ന് മൈസൂരിലാണ് ജനിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മൈസൂരില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലെ അംഗമാണ് ജയ. ജയലളിതയുടെ പിതാവ് അഭിഭാഷകനായരുന്നു. മൈസൂര്‍ രാജകുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബമാണ് ജയയുടേത്. ജയയ്ക്ക് രണ്ട് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നീട് ജയയയുടെ കുടുംബം ആദ്യം ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറ്റി.

    ചര്‍ച്ച് പാര്‍ക്ക് കോണ്‍വന്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. തമിഴില്‍ നടിയായിരുന്ന അമ്മയുടെ പാത പിന്തുടര്‍ന്ന് 15-ാം വയസില്‍ ജയ സിനിമയില്‍ എത്തി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 140ഓളം സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. 1961 മുതല്‍ 1980 വരെയാണ് ജയലളിത സജീവമായി സിനിമകള്‍ ചെയ്തത്. 1964ല്‍ പുറത്തിറങ്ങിയ ചിന്നഡ കൊംബെ ആയിരുന്നു ജയ നായികയായ ആദ്യ ചിത്രം.