ലഖ്നൗ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍നിന്ന് സാധാരണ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലെന്ന വസ്തുതയ്ക്ക് ഉത്തര്‍ പ്രദേശില്‍നിന്നും ഒരു ഇരകൂടി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാതെ ഭര്‍ത്താവും കുടുംബവും കാത്തിരുന്നത് 24 മണിക്കൂര്‍. മുനിലാല്‍ എന്ന 65കാരനാണ് ഈ ദുര്‍വിധി. പണം ലഭിക്കുന്നതുവരെ ഭാര്യയുടെ മൃതദേഹം ഐസ്കട്ടകളില്‍ പൊതിഞ്ഞ് താന്‍ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
അര്‍ബുദബാധിതയായിരുന്ന മുനിലാലിന്റെ ഭാര്യ ഫൂല്‍മാട്ടി (62) തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ പണം പിന്‍വലിക്കാന്‍ മുനിലാല്‍ ഇന്ത്യ ബാങ്ക് സെക്ടര്‍-9 ശാഖയിലെത്തി. മൂന്നുമണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്നെങ്കിലും പണം പിന്‍വലിക്കുന്നതിന് സഹായിക്കാന്‍ ബാങ്ക് ജീവനക്കാര്‍ തയ്യാറായില്ല. ഭാര്യയുടെ അവസാന ചടങ്ങുകള്‍ക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ചൊവ്വാഴ്ച രാവിലെ മുനിലാല്‍ വീണ്ടും ബാങ്കില്‍ എത്തിയെങ്കിലും വലിയ വരിയാണ് കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ അയല്‍വാസിയായ അബ്ദുല്‍ ഖാന്റെ സഹായത്തോടെ മുനിലാല്‍ പ്രദേശിക രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും വിവരമറിയിക്കുകയായിരുന്നു. ഒടുവില്‍ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചപ്പോഴാണ് ബാങ്ക് മാനേജര്‍ 15,000 രൂപ നല്കാന് തയാറായതെന്ന് മുനി പറഞ്ഞു. സംഭവത്തില്‍ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.