ഇനിയെന്ത്….? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ തുടര്‍നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴരയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

വരും നാളുകള്‍ പാവപ്പെട്ടവരുടേതായിരിക്കും  എന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ച് നല്‍കിയത്. സ്ഥിതി നിരീക്ഷിച്ച ശേഷം സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം അടുത്തയാഴ്ച ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

നവംബര്‍ എട്ടിന് ഇതുപോലൊരു അഭിസംബോധനയില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പിന്നീട് ഗോവയില്‍ നടന്ന യോഗത്തിലാണ് തനിക്ക് 50 ദിവസം നല്‍കാനുള്ള അഭ്യര്‍ത്ഥന മുന്നോട്ടു വച്ചത്. കള്ളപ്പണത്തിനെതിരെയുള്ള നടപടി പിന്നീട് ക്യാഷ്‌ലെസ് സാമ്പത്തിക അവസ്ഥയ്‌ക്കുള്ള പ്രചരണത്തിനും വഴിമാറി. ഡിജിറ്റല്‍ ഇടപെടിന് പ്രധാനമന്ത്രി ഭീം ആപ്പ് എന്ന പേരില്‍ മൊബൈല്‍ അപ്പ് ഇന്നലെ പുറത്തിറക്കിയിരുന്നു.