മോഡി ആപ്പിന് ആപ്പുവെച്ച് 22കാരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്കിങ്ങിനിരയായി. ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ 22കാരനാണ് രംഗത്തെത്തിയത്. ഇക്കാര്യം തെളിയിക്കുന്നതിനായി ചില സ്‌ക്രീന്‍ ഷോട്ടുകളും തന്റെ ട്വിറ്ററിലൂടെ യുവാവ് പുറത്തുവിട്ടിട്ടുണ്ട്.
ജാവേദ് ഖാത്‌റി എന്ന 22 വയസുകരാനാണ് നരേന്ദ്ര മോദി മൊബൈല്‍ ആപ് ഹാക്ക് ചെയ്തതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. വെറും 15 മുതല്‍ 20 മിനിറ്റുകൊണ്ടാണ് ഇയാള്‍ ഹാക്കിങ് പൂര്‍ത്തിയാക്കിയത്. ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ മുതലെടുത്തായിരുന്നു ഇത്.

namo_app_original_760x400

 

ആപ്പില്‍ ആളുകള്‍ നല്‍കിയ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും, സ്ഥലവും, താത്പര്യങ്ങളും അടക്കമുള്ള സ്വകാര്യ വിവരങ്ങളെല്ലാം ഇയാള്‍ കൈവശപ്പെടുത്തിയെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവരെ പോലുള്ള പ്രമുഖരുടെ സ്വകാര്യ മൊബൈല്‍ നമ്പര്‍ വരെ ആപ്പ് ഹാക് ചെയ്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ജാവേദ് പറഞ്ഞു. എന്നാല്‍ ആപ്പില്‍ മോശം വിവരങ്ങള്‍ ഒന്നുംതന്നെ യുവാവ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല.
ഇതിന് പുറമേ ആപ് ഉപയോക്താക്കളായ ആരെയും തനിക്ക് ആരെ വേണമെങ്കിലും ഫോളോ ചെയ്യിക്കാനാവുമെന്നും പക്ഷേ തനിക്ക് തെറ്റായ ഉദ്ദേശങ്ങളൊന്നുമില്ലെന്നും യുവാവ് പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് താന്‍ ഇത് ചെയ്തതെന്നാണ് യുവാവിന്റെ അവകാശവാദം. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.