10 ലക്ഷം ആണ്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്കിങിന് ഇരയായി: ഇവയില്‍ 57 ശതമാനം ഏഷ്യയില്‍

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയായി ‘ഗൂലിഗന്‍’ എന്ന മാല്‍വെയറുകള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നു. ആന്‍ഡ്രോയിഡ് സുരക്ഷാ കമ്പനി ചെക്ക് പോയിന്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ലോകത്ത് ഏതാണ്ട് പത്ത് ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഗൂലിഗന്റെ ആക്രമണത്തിന് ഇരയായതായാണ് കണക്ക്.

ആന്‍ഡ്രോയിഡ് 4.0, 5.0 ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളാണ് ഗൂലിഗന്റെ പ്രധാന ഇര. ഇവയുടെ സുരക്ഷാ സംവിധാനത്തെ എളുപ്പത്തില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്നതാണ് പ്രധാന കാരണം.

ലോകത്തുള്ള ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 74 ശതമാനവും ഈ ഒഎസ്സുകളിലാണ് പ്രവര്‍ത്തിക്കുന്നത്. മാല്‍വെയര്‍ വഴി ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ ജിമെയില്‍, ഗൂഗിള്‍ ഡോക്സ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. ആക്രമണത്തിന് ഇരയായ 57 ശതമാനം ഫോണുകളും ഏഷ്യയിലാണെന്നത് കൂടുതല്‍ ആശങ്ക പരത്തുന്നു.
ചെക്ക് പോയിന്റ് മൊബൈല്‍ പ്രൊഡക്ട് തലവന്‍ മിഖായേല്‍ ഷോലോവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ സുരക്ഷയെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്തവരാണ് പ്രധാനമായും ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്നത്.
സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുവാന്‍ കമ്പനി ഒരു പ്രത്യേക വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്.https://gooligan.checkpoint.com എന്ന ഈ സൈറ്റില്‍ പോയി ജിമെയില്‍ അഡ്രസ്സ് എന്റര്‍ ചെയ്ത് മാല്‍വെയര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കാം. മാല്‍വെയറിനെ തുരത്താന്‍ ഫോണ്‍ ഫ്‌ലാഷിങ്ങ് ചെയ്യുകയോ ഡിവൈസിലെ ഒഎസ് റീഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നും ചെക്ക് പോയിന്റ് നിര്‍ദേശിക്കുന്നു.

LEAVE A REPLY