തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് നിവേദനം നല്‍കി. ടി.പി വധക്കേസില്‍ സംസ്ഥാനത്തെ ഉന്നത സി.പി.ഐ.എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ഇത് വെളിച്ചത്തു വരാന്‍ നിക്ഷ്പക്ഷമായ സി.ബി.ഐ അന്വേഷണം അത്യാവശ്യമാണെ നിവേദനത്തില്‍ കുമ്മനം പറയുന്നു.
നിരോധിക്കപ്പെട്ട സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണി ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട 500ഓളം ആള്‍ക്കാരെ മതം മാറ്റിയിട്ടുണ്ടെന്നും ഇവരില്‍ പലരും സിറിയയില്‍ എത്തി ഐസിസില്‍ ചേര്‍ന്നതായാണ് വിവരമെന്നും നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. ഇതേപറ്റിയും സമഗ്രമായ അന്വേഷണം വേണം. സത്യസരണിയിലെ രാജ്യദ്രോഹ പ്രവര്‍ത്തനം കണ്ടെത്താന്‍ എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കണമെന്നും കുമ്മനം കത്തില്‍ ആവശ്യപ്പെടുന്നു.