തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി

    തിരുവനന്തപുരം: ഭൂമാതാ ബ്രീഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശബരിമല ക്ഷേത്രദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ശബരിമല ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്, സ്ത്രീ പ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ വിധി ഉണ്ടാകുന്നത് വരെ ആചാരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സ്ത്രി പ്രവേശനം സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ പൊതുസമൂഹത്തിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

    സ്ത്രീകള്‍ക്ക് ശബരിമലയില്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരിമാസം രണ്ടാം വാരത്തോടെ ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപതി ദേശായി അറിയിച്ചിരുന്നു. നേരത്തെ മുംബൈ ഹാജി അലി ദര്‍ഗയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം തന്റെ ലക്ഷ്യം ശബരിമലയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആചാരങ്ങള്‍ തെറ്റിച്ച് തൃപ്തി ദേശായിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന്‍ പറഞ്ഞിരുന്നു.