ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ജോലി രാജിവച്ച് ഒരു പോലീസുകാരന്‍. തേനി ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ആര്‍. വേല്‍മുരുഗനാണ് അമ്മയ്ക്കു വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്. തേനിയിലെ ഒഡപ്പട്ടി പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന വേല്‍മുരുഗന്‍ ജില്ലാ പോലീസ് മേധാവിക്ക് രാജി സമര്‍പ്പിച്ചു.
കോളജ് കാലഘട്ടം മുതല്‍ ജയലളിതയുടെ കടുത്ത ആരാധകനാണ് വേല്‍മുരുഗന്‍. പോലീസില്‍ എത്തിയപ്പോള്‍ ജയലളിതയുടെ വസതിയുടെ സുരക്ഷാ ചുമതല തന്നെ ലഭിച്ചത് തനിക്ക് സ്വപ്നസാഫല്യമായിരുന്നെന്ന് വേല്‍മുരുഗന്‍ പറഞ്ഞു. എല്ലാ ദിവസവും അമ്മ വീട്ടില്‍ നിന്ന് പോകുമ്പോള്‍ തന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നെന്നും വേല്‍മുരുഗന്‍ പറയുന്നു. ജയയുമായുള്ള ഈ സ്നേഹബന്ധമാണ് ജോലി ഉപേക്ഷിച്ച് ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് വേല്‍മുരുഗന്‍ പറഞ്ഞു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനായി ഇദ്ദേഹം കാശിയിലായിരുന്നു. നിരവധി ഗിന്നസ് റെക്കോഡുകളുടെ ഉടമ കൂടിയായ വേല്‍മുരുഗന് ഈ ക്ഷേത്ര നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 81 മണിക്കൂര്‍ തുടര്‍ച്ചയായി ഒറ്റക്കാലില്‍ നിന്നും 157 കിലോമീറ്റര്‍ പെരിയാര്‍ നദിയില്‍ നീന്തിയും നാല് അടി ആഴമുള്ള ടാങ്കിലേക്ക് 81 അടി ഉയരത്തില്‍ നിന്ന് ചാടിയും വേല്‍മുരുഗന്‍ റെക്കോര്‍ഡിട്ടുണ്ട്.