കൊച്ചി : മണിക്കൂറുകള്‍ നീണ്ട ആരവങ്ങള്‍ക്കൊടുവില്‍ കൊച്ചി കലൂര്‍ സ്‌റ്റേഡിയം നിശബ്ദ്ധം. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പ്പിച്ചാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം കിരീടം നേടിയത്.
എന്‍ഡോയെയും ഹെംഗ്ബര്‍ട്ടും പെനാല്‍റ്റി കിക്കുകള്‍ പാഴാക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനായി അന്റോണിയോ ജര്‍മന്റെ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാള്‍ ഹ്യൂമിന്റെ കിക്ക് ഗോളി ഗ്രഹാം സ്റ്റാക്ക് തടഞ്ഞിട്ടു. കേരളം 1- കൊല്‍ക്കത്ത 0. ബെല്‍ഫോര്‍ട്ടും സമീത് ദ്യുതിയും രണ്ടാം കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. കേരളം 2- കൊല്‍ക്കത്ത 1. കേരളത്തിന്റെ മൂന്നാം കിക്ക് എന്‍ഡോയെ വെളിയിലേക്ക് അടിച്ചുകളഞ്ഞപ്പോള്‍ കൊല്‍ക്കത്തയ്ക്കായി ബോര്‍ഗ ഫെര്‍ണാണ്ടസ് പന്ത് വലയിലെത്തിച്ചു. കേരളം 2- കൊല്‍ക്കത്ത 2. നാലാം കിക്കെടുത്ത മുഹമ്മദ് റഫീഖിനും ലാറയ്ക്കും പിഴച്ചില്ല. കേരളം 3- കൊല്‍ക്കത്ത 3. അഞ്ചാം കിക്കെടുത്ത ഹെംഗ്ബര്‍ട്ടിന്റെ കിക്ക് ഗോളിയുടെ കാലിലിടിച്ച് പാഴായപ്പോള്‍ കോല്‍ക്കത്തയ്ക്കായി പന്ത് ലക്ഷ്യത്തിലെത്തിച്ച് ജ്യുവല്‍ രാജ കൊല്‍ക്കത്തയ്ക്കായി കിരീടം നേടുകയാകുകയായിരുന്നു.
നിശ്ചിത 90 മിനിറ്റും അധികസമയവും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം സഹ ഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, കൊല്‍ക്കത്ത ടീം സഹ ഉടമയായ സൗരവ് ഗാംഗുലി, നിത അംബാനി, ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പതിനായിരക്കണക്കിന് ആരാധകരാണ് ഫൈനല്‍ കാണാന്‍ എത്തിയത്.