അഹമ്മദാബാദ്: നോട്ട് പ്രതിസന്ധിയില്‍ മനംമടുത്ത് ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം. തുടര്‍ച്ചയായി ദിവസങ്ങളോളം ക്യൂനിന്നിട്ടും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗുജറാത്തിലെ രണ്ടു ജില്ലകളിലെ ബാങ്കുകള്‍ ആക്രമിച്ചു.
സൗരാഷ്ട്ര മേഖലയിലെ ആംറേലി ജില്ലയിലെ സാമധിയാല ഗ്രാമത്തിലാണ് ആദ്യത്തെ ആക്രമണമുണ്ടായത്. ഇവിടത്തെ എസ്.ബി.ഐ, ദെന ബാങ്ക് ശാഖകള്‍ വരിനിന്ന നൂറോളംപേര്‍ ചേര്‍ന്ന് ബലമായി പൂട്ടിച്ചു. ബാങ്കുകള്‍ ആക്രമിച്ചവരില്‍ ഭൂരിഭാഗം പേരും കര്‍ഷകരായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരേന്ദ്രനഗര്‍ ജില്ലയിലാണ് ബാങ്കുകള്‍ക്ക് നേരെ സമാന അക്രമസംഭവമുണ്ടായത്. ഇവിടത്തെ ചില ബാങ്കുകള്‍ ആക്രമിച്ച ജനം ബാങ്ക് കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും അടിച്ചുതകര്‍ത്തു. പണം എടുക്കാന്‍ എത്തുന്നവരെ അവഗണിച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ അടച്ചിട്ടതാണ് ജനത്തെ പ്രകോപിപ്പിച്ചത്. പണമില്ലാതെ ബാങ്കുകള്‍ തുറന്നിട്ട് എന്തുകാര്യമെന്നാണ് അധികൃതരുടെ ചോദ്യം.