തമിഴ്‌നാടിനെ വിറപ്പിച്ച് ‘വര്‍ധ’ തീരംതൊട്ടു; ചെന്നൈ വിമാനത്താവളം അടച്ചു

    ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ആന്ധ്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേയ്ക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

    കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗത്തു നിന്നും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിഴുപുരത്ത് നാല് വീടുകള്‍ തകര്‍ന്നു. നിരവധിപ്പേര്‍ക്ക് മരം ഒടിഞ്ഞുവീണ് പരുക്കേറ്റിട്ടുണ്ട്. ആന്ധ്ര തീരത്ത് നാല് കമ്പനി അര്‍ധസൈനീക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

    ചെന്നൈ നിവാസികളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരം സന്ദര്‍ശിക്കാനായി മറീനാബീച്ചിലേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. വര്‍ധയുടെ വരവ് കണക്കിലെടുത്ത് ഇവിടെ നിന്നും ആളുകളെയെല്ലാം ഒഴിപ്പിച്ചു.