നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണത്തില്‍

മുംബൈ: കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. നവംബര്‍ എട്ടിനുശേഷം കാര്‍ വില്‍പന കൂടിയതായി കാണിച്ച് വന്‍ തുക ബാങ്ക് നിക്ഷേപം നടത്തിയ കാര്‍ ഡീലര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കള്ളപ്പണം ഈ സാഹചര്യത്തില്‍ ആരെങ്കിലും വെളുപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

ആഡംബര കാറുകള്‍ വാങ്ങിയവര്‍ക്കു പുറമെ സാധാരണ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങളും ഇതിനൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. ഡീലര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ വാങ്ങിയവര്‍ക്ക് ജനുവരി 15നകം നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.