സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ ദേശിയഗാനം പാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി

തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയ ഗാനം മുഴക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ സമരം.

ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ഇതേ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കീഷ് സിനിമയാണ് കൊടുങ്ങല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. ദേശീയഗാനത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത് ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി ആരോപിക്കുന്നു. ഐ.എഫ്.എഫ്.കെയില്‍ ദേശിയ ഗാനത്തിന്റെ സമയത്ത് എഴുന്നേല്‍ക്കാതിരുന്ന പ്രേക്ഷകര്‍ നടപടി നേരിട്ട സംഭവം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കമല്‍ നേരത്തെ പറഞ്ഞിരുന്നു.