പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍, നായകന്‍ മമ്മൂട്ടി?

നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്റേതായ മറ്റ് സിനിമകള്‍ എത്തിയിട്ടില്ല. ബോളിവുഡില്‍ ഒരു ചിത്രം ഒരുക്കുന്നു എന്ന സൂചന അദ്ദേഹം നല്‍കിയിരുന്നെങ്കിലും പിന്നീട് വാര്‍ത്തകള്‍ ഒന്നും എത്തിയിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമത്രെ.

മലയാളത്തിലും തമിഴിലുമായി വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ശ്യാംധര്‍ ഒരുക്കുന്ന ചിത്രത്തിന് ശേഷം ഈ വര്‍ഷം തന്നെ അല്‍ഫോന്‍സ് പുത്രന്‍-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമത്രെ.

ശ്യാംധര്‍ ചിത്രത്തിന് മുമ്പ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ്  ഫാദറാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം എന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളുമായ റാം ഒരുക്കുന്ന തമിഴ് ചിത്രം പേരന്‍പിലും നായകന്‍ മമ്മൂട്ടിയാണ്.