വീഡിയോ ചാറ്റ് കെണിയില്‍ കുരുക്കുന്ന വന്‍ സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളാണത്രേ ഇവരുടെ പ്രധാന ഇരകള്‍. പ്രവാസികളായ മലയാളി പുരുഷന്മാരുടെ പരാതിയാണ് ഏറെയും.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ആറ് പ്രവാസികളില്‍ നിന്നും ഇതിനോടകം പരാതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വീഴ്ത്താന്‍ വിദേശ യുവതികളുള്‍പ്പെട്ട വന്‍ സംഘമാണ് വല വിരിച്ചിരിക്കുന്നത്രേ.
വലവിരിയ്ക്കല്‍ ഇങ്ങനെ:- ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഇരയെ വീഴ്ത്തിയ ശേഷം ഇരയുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കുന്നു. പിന്നീട് വീഡിയോ കോളിനായി ക്ഷണിക്കുന്നു. സുന്ദരിയായ യുവതി ചാറ്റിങിന് എത്തും. ജോലി, ശമ്പളം, കുടുംബ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, വാട്സ് ആപ്പ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ചാറ്റിനെത്തുന്ന യുവതി പിന്നീട് പ്രണയത്തിലേയ്ക്കും സെക്സിലേയ്ക്കും കടക്കും. ഇര ആവശ്യപ്പെടുന്നതു പോലെ ശരീര ഭാഗങ്ങളെല്ലാം തുറന്നു കാണിക്കും. സ്വാഭാവികമായും ഇരയും ഇതേ പോലെ പ്രവര്‍ത്തിക്കും.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ രീതി മാറും. വീഡിയോ ചാറ്റ് മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും. വന്‍ പണവും ആവശ്യപ്പെടും. ഇരട്ടി, പയ്യന്നൂര്‍, ചൊക്ലി ഭാഗത്തു നിന്നുള്ള പ്രവാസികളാണ് നിലവില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. നല്ല വരുമാനമുള്ളവരെയാണ് സാധാരണയായി കെണിയിലാക്കുന്നത്. എന്നാല്‍ വരുമാനം കുറവുള്ളവരും കെണിയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പരാതികള്‍ ഏറിയതോടെ ആന്മഹത്യയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതിപ്പെടാന്‍ മടിയ്ക്കരുതെന്നും പോലീസ് പറയുന്നു.