തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കവെയാണ് സുധാകരന് എതിരെ ശശികല തുറന്നടിച്ചത്.
തൃശൂര്‍: സന്യാസിമാരുടെ വസ്ത്രധാരണത്തെപ്പറ്റി പറയാന്‍ മരാമത്ത് മന്ത്രി ജി. സുധാകരന്‍ ആരാണെന്നും അദ്ദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമുടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കവെയാണ് സുധാകരന് എതിരെ ശശികല തുറന്നടിച്ചത്.
സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും ഹിന്ദുത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു സംഘടനകള്‍ക്കെതിരെയല്ല ഹിന്ദുത്വത്തിനെതിരെയാണ് സി.പി.എമ്മിന്റെ യുദ്ധമെന്നും ശശികല ആരോപിച്ചു.
നിലവിളക്കും സംസ്‌കൃതവും യോഗയും ഓണാഘോഷവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയാറല്ലാത്തവര്‍ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും ഭരിക്കാന്‍ തയാറെടുക്കുന്നത് സ്വാര്‍ഥ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ക്ഷേത്രങ്ങളെ അനാഥമാക്കി ഹിന്ദുസമൂഹത്തെ ദുര്‍ബലമാക്കാമെന്നാണ് സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ്. ഇത് അനുവദിക്കരുത്.മുത്തലാക്കും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് ശബരിമലയില്‍ യുവതികള്‍ പോകേണ്ടെന്ന് പറയുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് ശശികല ചോദിച്ചു.