മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും ഡൊണാള്‍ഡ് ട്രംപ്

    വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മുതല്‍ ചതുര്‍ത്ഥിയായ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പിന് ശേഷവും നിലപാടിലുറച്ച് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും സത്യസന്ധത ഇല്ലാത്തവരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്. ചൊവ്വാഴ്ച മാധ്യമത്തിന്റെ എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരുമായി നടത്തേണ്ടിയിരുന്ന കൂടിക്കാഴ്ച അവസാന നിമിഷം ട്രംപ് ഒഴിവാക്കി.

    സന്ദര്‍ശനത്തിനുള്ള തന്റെ നിബന്ധനകള്‍ മാധ്യമം തെറ്റിച്ചെന്ന് ആരോപിച്ച് കൂടിക്കാഴ്ച ഒഴിവാക്കിയതായി ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. ട്രംപിന്റെ ട്വീറ്റ് കാണും വരെ വാര്‍ത്ത നിഷേധിച്ചിരുന്ന ന്യൂയോര്‍ക്ക് ടൈംസിന് ഒടുവില്‍ എല്ലാം അംഗീകരിക്കേണ്ടി വരികയായിരുന്നു. തിങ്കളാഴ്ച ട്രംപ് ടവറില്‍ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ടെലിവിഷന്‍ മാധ്യമങ്ങളെ വിളിച്ചു വരുത്തിയ ശേഷം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ വാര്‍ത്താ ശൃംഖലയോട് എനിക്ക് കടുത്ത എതിര്‍പ്പാണെന്നും നിങ്ങളെല്ലാം നുണയന്മാരാണെന്നും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കാനും ട്രംപ് മറന്നില്ല.

    സിഎന്‍എന്‍ തലവന്‍ ജെഫ് സക്കറില്‍ തുടങ്ങിയ ട്രംപിന്റെ ശകാരം ഫോക്സ്, എന്‍ബിസി, സിബിഎസ്, എബിസി തുടങ്ങിയ മാധ്യമങ്ങളിലെ എക്സിക്യുട്ടിവുകള്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം കേള്‍ക്കേണ്ടി വന്നു. ലെസ്റ്റര്‍ ഹോള്‍ട്ട്, ചാര്‍ലി റോസ്, ജോര്‍ജ്ജ് സ്റ്റെഫാനോപോളസ്, ചക്ക് ടോഡ്, വോള്‍ഫ് ബ്ളിറ്റ്സര്‍, മെയ്ല്‍ കിംഗ്, ഡേവിഡ് മൂയര്‍, മാര്‍ത്താ റഡ്ഡാട്സ് തുടങ്ങി എത്തിയിരുന്നതെല്ലാം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും.തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ പക്ഷാഭേദം കാട്ടിയെന്ന് ആണ് ട്രംപിന്റെ പ്രധാന പരാതി.

    തന്റെ ജനപ്രീതി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറയുന്നു. നേരത്തേ ആഗസ്റ്റില്‍ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ളബ്ബ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അഭിമുഖത്തിനിടയില്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ ട്രംപ് തൊട്ടടുത്തിരുന്ന ഫോക്സ് ടിവിയില്‍ നോക്കിയിരുന്നത് 50 മിനിറ്റായിരുന്നു.