സുല്‍ത്താന്‍ബത്തേരി: നാട്ടുകാരില്‍ നിന്ന് തങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതായി വയനാട് വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍. സമീപ ദിവസങ്ങളിലാണ് ആക്രമണം വര്‍ധിച്ചത്. നാട്ടുകാരുടെ ആക്രമണത്തിനെതിരെ വാര്‍ഡന്‍മാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരാതി നല്‍കി. നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. വടക്കനാട്, തറ്റൂര്‍ തുടങ്ങിയ മേഖലകളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായത്. അതിനിടെ വനംവകുപ്പ് ജീവനക്കാരെ കാണുന്നിടത്ത് വച്ച് കൈകാര്യം ചെയ്യാന്‍ വയനാട്ടില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. പനയംബം, കരിപ്പൂര്‍, വള്ളുവാടി തുടങ്ങിയ മേഖലകളില്‍ വച്ച് ഉദ്യോഗസ്ഥരെ ശാരീരികമായി കൈകാര്യം ചെയ്യാനാണ് തീരുമാനം. അതേസമയം നാട്ടുകാരില്‍ നിന്നുള്ള ആക്രമണം പെട്ടന്ന് വര്‍ധിക്കാന്‍ കാരണം മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രമാണെന്ന് പരാതിക്കാരായ വാര്‍ഡന്‍മാര്‍ ആരോപിച്ചു. വന്യജീവി ആക്രമണത്തില്‍ നിന്ന് ഗ്രാമവാസികളെ രക്ഷിക്കുന്ന പുലിമുരുകന്‍ നായകനായ ചിത്രത്തില്‍ വനംവകുപ്പ് ജീവനക്കാരെ വില്ലന്‍മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ കഥാതന്തുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇപ്പോത്തെ ആക്രമണങ്ങളെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.