കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാവുകയാണ് മുന്‍ ധനമന്ത്രികൂടിയായ കെ.എം മാണി അധ്യക്ഷനായ കേരള കോണ്‍ഗ്രസ്(എം)ന്റെ ഭാവി. ബാര്‍ കോഴക്കേസില്‍ പിണങ്ങിയ മാണി യു.ഡി.എഫ് മുന്നണിവിട്ട് ഏത് മുന്നണിയില്‍ ചേക്കേറുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. മാണി ഇപ്പോള്‍ ധ്യാനത്തിലാണെന്നാണ് പ്രചരണം.
നല്ല ചിന്തകള്‍ സ്വീകരിച്ച് പാര്‍ട്ടിയുടെ ഭാവി ബലപ്പെടുത്തുന്നതിനുള്ള മുന്നണി മാറ്റത്തിന്റെ തുടക്കമായാണ് ഈ ധ്യാനത്തെ ഏവരും വിലയിരുത്തുന്നത്. യു.ഡി.എഫില്‍നിന്നും പിണങ്ങിയ മാണി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ തന്റെ രഹസ്യമായ പിണക്കം പരസ്യമാക്കിക്കഴിഞ്ഞു. ഫോണ്‍ വിളിച്ച ചെന്നിത്തലയെപ്പോലും മൈന്റ് ചെയ്യാത്ത മാണി, ഉമ്മന്‍ചാണ്ടിക്കും വി.എം സുധീരനും ഇതുവരെ പിടി കൊടുത്തില്ല. മാണിയുടെ പിണക്കത്തെ പരോക്ഷമായി തിരുവഞ്ചൂര്‍ പിന്തുണച്ചതും യു.ഡി.എഫിന് തലവേദനയായി.
മാണിയെ സ്വീകരിക്കേണ്ട അത്യാവശ്യമൊന്നും നിലവില്‍ എല്‍.ഡി.എഫിന് ഇല്ലാത്തതിനാല്‍, കേരള കോണ്‍ഗ്രസ്(എം) ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്ക് അടുത്തേക്കുമെന്നാണ് സൂചന. ബാര്‍കോഴ വിഷയത്തില്‍ സമരം നടത്തിയിട്ടുണ്ടെങ്കിലും മാണിയോട് വിരോധമില്ലെന്ന് ബി.ജെ.പി സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുന്നണിയില്‍ ചേരുന്നകാര്യം മാണി ആവശ്യപ്പെടാതെ അങ്ങോട്ട് ചെന്ന് ക്ഷണിക്കുന്ന പരിപാടിയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു മുന്നണിക്കും(എല്‍.ഡി.എഫ്, എന്‍.ഡിഎ) മാണിയെ തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നത് ഒരു അത്യാവശ്യ ഘടകമായി തോന്നിയിട്ടില്ല. യു.ഡി.എഫ് വിളിക്കുന്നുണ്ടെങ്കിലും പിണക്കം മറന്ന് മണങ്ങിച്ചെല്ലാന്‍ മാണിയും തയ്യാറല്ല. കഥയുടെ കൈമാക്സ് അറിയാന്‍ ഇനി മാണിയുടെ ധ്യാനം കഴിയുന്നുവരെ കാത്തിരിക്കാം…!