ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. ഫൈനലില്‍ ചൈനയുടെ സുന്‍ യൂവിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്കോര്‍ 21-11, 17-21, 21-11. സിന്ധുവിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടനേട്ടമാണിത്. ഒളിംപിക്സില്‍ വെള്ളി മെഡല്‍ സിന്ധു സ്വന്തമാക്കിയിരുന്നു.
2014ല്‍ സൈനാ നെഹ്‌വാളും 2007ല്‍ മലേഷ്യയുടെ വോങ് മ്യൂ ചൂവും കിരീട നേടിയശേഷം ചൈനീസ് ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ വിദേശകളിക്കാരിയെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. കിരീട നേട്ടത്തോടെ ഏഴു ലക്ഷം ഡോളറാണ് ലോക റാങ്കിംഗില്‍ പതിനൊന്നാം റാങ്കുകാരിയായ സിന്ധുവിന് ലഭിക്കുക.
ആദ്യഗെയമില്‍ തുടക്കത്തിലെ 11-5ന്റെ ലീഡ് സ്വന്തമാക്കിയ സിന്ധു അധികം അവസരം നല്‍കാതെ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തില്‍ 6-3നും 11-7, 14-11 എന്നിങ്ങനെ ലീഡ് നിലനിര്‍ത്തിയ സിന്ധുവിന് പക്ഷെ സുന്‍ യൂവിന്റെ അപ്രതീക്ഷിത ബോഡി സ്മാഷുകള്‍ക്ക് മുന്നില്‍ നിലതെറ്റി. 17-21ന് ഗെയിം നഷ്ടമായെങ്കിലും തളരാതെ സിന്ധു മൂന്നാം ഗെയിമില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തി.
മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ 6-6ന് ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ശക്തമായ റിട്ടേണുകളോടെ 10-6ന് മുമ്പിലെത്തിയ സിന്ധു പിന്നീട് ലീഡ് വിട്ടുകൊടുത്തില്ല. കഴിഞ്ഞവര്‍ഷം ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇത്തവണ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.