ഓഗസ്റ്റ് ഒന്നിന് കോട്ടയത്തെ നടുക്കിക്കൊണ്ടാണ് അതിരുമ്പുഴ പാറോലിക്കല്‍ ഐക്കരക്കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം രാവിലെ എട്ടു മണിയോടെ പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ നാട്ടുകാരാണ് ആദ്യം കണ്ടത്. യുവതി ആരെന്ന് തിരിച്ചറിയുന്നതിന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നു.
ജില്ലയില്‍നിന്ന് മാത്രമായി പത്തോളം സ്ത്രീകളെ പലസാഹചര്യങ്ങളിലായി കാണാതായതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുന്നതിനായി, മകളെ കാണാനില്ലെന്ന് മുമ്പ് പരാതി നല്‍കിയിരുന്ന നീണ്ടൂര്‍ സ്വദേശികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു. കൂടാതെ മറ്റ് പരാതിക്കരെയും പോലീസ് നേരിട്ടുകണ്ട് വിശദീകരണം തേടി. ഇത് വ്യക്തമാക്കുന്നത് സമീപകാലത്തായി വീടുവിട്ടുപോയ സ്ത്രീകളില്‍ പലരും എവിടെയെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് ഇപ്പോഴും അറിവല്ലായെന്ന വസ്തുതയാണ്.
കോട്ടയത്തെ സംഭവത്തെ ഓര്‍മ്മിപ്പിക്കുംവിധം തൃശൂര്‍ ചേറ്റുപുഴയില്നിന്നും മറ്റൊരുവാര്‍ത്ത ഇന്ന് പുറത്തുവന്നു. വീടുവിട്ടുപോയ, രണ്ടു കുട്ടികളുടെ അമ്മകൂടിയായ 42കാരി കോയമ്പത്തൂര്‍ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരിക്കുന്നു. മകളെ രണ്ട് ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ നല്കിയ പരാതി പോലീസ് അന്വേഷിക്കവെയാണ് യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്നത്.
പൊള്ളാച്ചി-ആര്.എസ് കനാല്‍ റോഡിന് സമീപത്തെ പറമ്പില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇത്തരം എത്രയോ സംഭവങ്ങളാണ് ഇനിയും പുറംലോകം അറിയാതെ പോയിട്ടുള്ളത്. കാണാതാകുന്ന പല സ്ത്രീകളും സ്വന്തം ഇഷ്ടപ്രകാരം വീട് ഉപേക്ഷിക്കുന്നവരാണെന്നത് മറ്റൊരു സത്യം. നമ്മുടെ സഹോദരിമാര്‍ക്ക് എവിടെയാണ് പിഴക്കുന്നത്..? മികച്ച സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും പിറകെ പോകുന്നവര്‍…..സോഷ്യല്‍ മീഡിയ പ്രണയങ്ങളില്‍ കുടുങ്ങുന്നവര്‍… ഒടുവില്‍ ഒരുകോളം വാര്‍ത്തയില്‍ ജീവിതമൊടുക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കളും കുടുംബത്തിലെ മറ്റ് അംഗങ്ങളും കിണഞ്ഞ് പരിശ്രമിക്കേണ്ടിയിരിക്കുന്നു. കാരണം, ദുരന്തങ്ങള്‍ ആരുടെ വീട്ടുപടിക്കലും എത്തിനോക്കിയെന്നിരിക്കും.. ഭൂതകാല സംഭവങ്ങള്‍ നാം ഓരോരുത്തര്‍ക്കും ഒരു മുന്നറിയിപ്പാകട്ടെ…!