കാറ്റാടിക്കടവ്: മേഘമഞ്ഞേ! ഇവിടെ വന്നവരാരും ഇനി നിന്നെ മറക്കില്ല

  • ജെസ്സി ലിയ

യാത്രകളോട് ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്? ഞാൻ ഒരു യാത്രാഭ്രാന്തി ആണുട്ടാ.ഒരു ദിവസംകൊണ്ട് പോയി വരാവുന്ന എവിടെയെങ്കിലും പോകണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് 2 ദിവസമായി. അങ്ങനെയിരിക്കുമ്പോൾ അനിയൻചെക്കൻ പറഞ്ഞു കാറ്റാടിക്കടവ് പോകാമെന്ന്. എന്തറിയണമെങ്കിലും ഗൂഗിൾ അമ്മായിയോട് ചോദിച്ചാൽ മതിയല്ലോ. കാറ്റാടിക്കടവിനെപറ്റി അമ്മായിയും നല്ല റിവ്യൂ തന്നു. ഫോട്ടോസ് കണ്ടപ്പോ തന്നെ അവിടേക്ക് പോകാനുള്ള തിടുക്കമായി. 6 പേര് കൂടി പോകാൻ തീരുമാനിച്ചു. ഞാൻ മാത്രമല്ലെ ജോലീം കൂലീം ഒന്നുമില്ലാതെ വീട്ടിലിരിക്കുന്നെ. എല്ലാവരുടെയും ലീവ് ഒരുമിച്ചു കിട്ടിവന്നപ്പോൾ ഒരു ആഴ്ച്ച താമസം വന്നു. അങ്ങനെ 3 വണ്ടിയിലായിട്ട് 6 പേര് പോകാൻ തയ്യാറായി. 2 ബുള്ളറ്റും ഒരു ഡിയോയും.

താല്പര്യത്തോടെ എവിടെയെങ്കിലും പോകാൻ തീരുമാനിച്ചാൽ പോകുന്നതുവരെ ഉറക്കം ഉണ്ടാകില്ല.ഒരു കണക്കിന് ആ രാത്രിയും തള്ളി നീക്കി. പുലർച്ചെ 3 നു വീട്ടിൽ നിന്നിറങ്ങി. കുമ്പളങ്ങിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. തൃപ്പൂണിത്തുറ – പിറവം – മൂവാറ്റുപുഴ വഴി പോത്താനിക്കാട് റോഡ് കയറി 10 കിലോമീറ്ററോളം മുന്നോട്ട് വന്നു. അവിടെ നിന്നും പൈങ്ങാട്ടൂർ റോഡ് കയറി കുറച്ച് മുന്നോട്ട് വന്നപ്പോൾ പൈങ്ങോട്ടൂർ ഹൈറേഞ്ച് ജംഗ്ഷൻ എത്തി. പകൽ പുറത്തിറങ്ങീട്ട് അയ്യോ സൂര്യേട്ടന്റെ ചൂട് താങ്ങാൻ പറ്റുന്നില്ലേ എന്ന് പരാതി പറയുന്ന ഞാൻ കൊച്ചിയിലാണോ ഇത്രയും തണുപ്പ് എന്ന് ആശ്ചര്യപ്പെട്ടുപോയി. വണ്ടികളുടെ ഇരമ്പൽ മാത്രം കേട്ടുകൊണ്ടിരുന്ന ദിനങ്ങളിൽ നിന്ന് വേറിട്ട് പ്രഭാതത്തെ കൂകി വിളിക്കുന്ന പക്ഷികളുടെ ശബ്ദം എന്നെ കൂടുതൽ കുളിരണിയിച്ചു.

മൂവാറ്റുപുഴയിൽ നിന്ന് 32 കിലോമീറ്റർ ദൂരമേ കാറ്റാടിക്കടവിലേക്കുള്ളൂ. കൊച്ചിയിലും കോട കാണാൻ പറ്റുമെന്ന് പറഞ്ഞു ആരോട് വേണേലും തർക്കിക്കാൻ ഇനി ഞാൻ റെഡിയാണ്. പൈങ്ങോട്ടൂർ ഹൈറേഞ്ച് ജംഗ്ഷനിൽ നിന്നും 17 കിലോമീറ്റർ മുന്നോട്ട് ചെന്നപ്പോൾ അതാ തൊട്ടുമുന്നിൽ കാറ്റാടിക്കടവ് 800 മീറ്റർ അകലെ എന്ന ബോർഡ് കണ്ടു. 5.30 ക്ക് ഞങ്ങൾ അവിടെ എത്തി.വണ്ടികളൊന്നും മുകളിലേക്ക് പോകില്ല. നടന്നു തന്നെ കേറണം. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇവിടെ വരണം. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരാൾക്കു മാത്രം നടന്നു പോകാവുന്ന രീതിയിൽ തെളിഞ്ഞു കിടക്കുന്ന പാത. ഞങ്ങൾ വരിയായി കയറാൻ തുടങ്ങി. സ്കൂൾ അസ്സെംബ്ലി കഴിഞ്ഞു വരിയായി ക്ലാസ്സ്മുറികളിലേക്ക് പോകുന്ന ഓർമ വന്നു. ഒരു വ്യത്യാസം മാത്രം, യൂണിഫോം ഇല്ല.

ഇടുങ്ങിയതും മരച്ചില്ലകൾ കുറുകെ കിടക്കുന്നതുമായ വഴികളെ ഞങ്ങൾ ആവേശപൂർവം പിന്നിട്ടു. നല്ല തണുത്ത കാറ്റ് രോമങ്ങൾ എഴുന്നേൽപ്പിക്കുന്നവിധം ശക്തിയായി വീശാൻ തുടങ്ങി. മുന്നോട്ട് പോകുന്തോറും കുറ്റിച്ചെടികളും നീളം കൂടിയ പുല്ലുകളും നിരയായി നിക്കുന്നത് കാണാം. എന്തിനെയോ പിന്നിലേക്ക് ആഞ്ഞു വലിക്കുന്നപോലെ ഒരു വശത്തേക്ക് ഇടക്ക് ചായുന്നുമുണ്ട്. ചിലപ്പോൾ കാറ്റിന്റെ തഴുകലിൽ നാണിച്ചു തല കുനിക്കുന്നതുമാകാം. അങ്ങനെ 45 മിനിറ്റിലെ ആവേശമാർന്ന നടത്തിനും കിതപ്പുകൾക്കുമൊടുവിൽ ഞങ്ങൾ മുകളിലെത്തി.

സത്യത്തിൽ കബളിപ്പിക്കപ്പെട്ടതായിരുന്നു. മുകളിലേക്ക് ഇനിയും ഉണ്ട്. പാറക്കൂട്ടങ്ങളിൽ വരുന്നവർക്ക് വിശ്രമിക്കാൻ ഒരു ചെറിയ സ്ഥലം ഒരുക്കിയിട്ടുണ്ട്. സംരക്ഷണത്തിനായി കൈവരികളും കെട്ടിയിട്ടുണ്ട്. താഴേക്ക് നോക്കിയാൽ അഗാധമായ ഗർത്തം പോലെ തോന്നും. പക്ഷെ ഉറുമ്പിനെ പോലെ തോന്നിക്കുന്ന വീടുകളും റോഡുകളും കാണാം. മേഘങ്ങളെ അടുത്ത് കാണാം നമുക്ക്. കോട എന്നെ സ്പർശിച്ചു കടന്നു പോകുന്നത് അനുഭവിച്ചറിഞ്ഞു ഞാൻ. മേഘക്കൂട്ടങ്ങളെ എനിക്ക് താഴെയായി കണ്ടപ്പോൾ ആവേശം അടക്കാൻ കഴിഞ്ഞില്ല. നല്ലോണമൊന്നു കൂവി.

ഇനിയുമുണ്ട് മുകളിലെത്താൻ യാത്ര. പാറക്കൂട്ടങ്ങളെയൊക്കെ ചാടി കടന്ന് വീണ്ടും നടക്കാൻ തുടങ്ങി. അങ്ങനെ അവസാനം മുകളിലെത്തി. മലയുടെ അറ്റത്ത് ഒരാൾ നിക്കുന്നത് കണ്ടപ്പോൾ ആദ്യം പേടി തോന്നി. പക്ഷെ അവിടെ പോയി കൈ വിരിച്ചു പിടിച്ചു നിന്നപ്പോൾ ഞാൻ എങ്ങോട്ടോ പറന്നു പോകുന്നതുപോലെ തോന്നി എനിക്ക്. ചുറ്റും നിശബ്ദത, കാറ്റിൽ പുല്ലും ഇലകളും ആടുന്ന ശബ്ദം മാത്രം കേൾക്കാം. സൂര്യേട്ടൻ പയ്യെ എത്തി നോക്കുന്നുണ്ട്. സമയം 7 കഴിഞ്ഞു.

എവിടെപ്പോയാലും ഫോട്ടോഷൂട്ട് എന്ന പ്രത്യേക സെക്ഷൻ എല്ലാവരുടെയും ഷെഡ്യൂളിൽ മാറ്റാൻ പറ്റാത്ത ഒന്നാണല്ലോ. അങ്ങനെ പല പോസുകളിൽ പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം ഞങ്ങളും സുന്ദരന്മാരായി. ഒത്തിരി നേരം അവിടെ ഇരുന്നു. പോകുന്നവർ കുടിവെള്ളം കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ പെട്ടിക്കട മാത്രമേ കയറുന്ന വഴിക്കുള്ളു. അതും രാവിലെ 10 മണിക്ക് ശേഷമേ അവർ തുറക്കുകയുള്ളു. തിരിച്ചിറങ്ങുന്ന വഴി അവിടെ കേറി ഓരോ ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചു. 11 മണിയോടെ താഴെ എത്തി വീട്ടിലേക്ക് തിരിച്ചു. അഹ് ചൂട് കൂടിയതോടെ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി.

 

പ്രത്യേക കുറിപ്പ്: പ്ലാസ്റ്റിക് വസ്തുക്കളും മാലിന്യങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിക്ഷേപിക്കരുത്. പ്രകൃതി ഭംഗി കാത്ത് സൂക്ഷിക്കാൻ സഞ്ചാര പ്രിയരായ നമുക്കോരോരുത്തർക്കും ശ്രമിക്കാം

.