കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്

1- കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു 1,23,000 മാത്രമാണ് പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്ക് പുറത്തു വിട്ടത്.

2- യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങില്‍ ഈ സൗകര്യം ലഭ്യമാകില്ല.

3- പുതുക്കിയ സകാത്ത് വ്യവസ്ഥകള്‍ സൗദിയില്‍ താമസിക്കുന്ന നിക്ഷേപകര്‍ക്ക് ബാധകമായിരിക്കുമെന്ന് സൗദി സകാത്ത് അതോറിറ്റി. സൗദിയില്‍ കഴിയുന്ന ഗള്‍ഫ് നിക്ഷേപകര്‍ക്കാണ് അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാകുന്ന പുതിയ സകാത്ത് വ്യവസ്ഥകള്‍ ബാധകമാവുക.

4- ജലീബ് അല്‍ ശുയൂഖില്‍ വരും മാസങ്ങളില്‍ തുടര്‍ച്ചയായ പരിശോധനയുണ്ടാവുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവാസി ബാച്ചിലര്‍മാര്‍ സാല്‍മിയയിലേക്കു മാറുന്ന പ്രവണത. വാടക കുറഞ്ഞ സ്ഥലം എന്ന നിലയില്‍ കുറഞ്ഞ വരുമാനക്കാരുടെ താവളമായിരുന്നു ഹസ്സാവി, അബ്ബാസിയ എന്നിവയുള്‍പ്പെടുന്ന ജലീബ് അല്‍ ശുയൂഖ്. ഇതിനകം ജലീബിലെ ഒരുവിഭാഗം അനധികൃത താമസക്കാരും കച്ചവടക്കാരും അവധിയെടുത്ത് നാട്ടില്‍ പോവുകയോ മറ്റു സ്ഥലത്തേക്ക് ചേക്കേറുകയോ ചെയ്തിട്ടുണ്ട്.

5- എല്ലാ നടപടികളും പൂര്‍ത്തിയായതോടെ ദേശീയ മേല്‍വിലാസ നിയമം ഉടന്‍ രാജ്യത്ത് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക്‌വത്കരിക്കുന്ന ഇ-ഗവണ്‍മന്റെ് പദ്ധതി പ്രകാരമാണ് നിയമത്തിന്റെ കീഴില്‍ വരുന്ന വിവിധ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. പൗരന്‍മാരുടെയും രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെയും സകല വിവരങ്ങളും ഡിജിറ്റല്‍വത്കരിക്കുകയാണ് നിയമം വഴി ചെയ്യുന്നത്.

6- ജനങ്ങള്‍ക്ക് വീണ്ടും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും കൈനീട്ടവുമായി യു.എ.ഇ. സാമ്പത്തികമായി തകര്‍ച്ച നേരിടുന്നവര്‍ക്ക് താങ്ങ് നല്‍കാനുതകുന്ന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. പാപ്പരായിപ്പോയി കടങ്ങളും ബാധ്യതകളും വീട്ടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ കരുത്തു പകരുന്നതാണ് പുതിയ നിയമം.