ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഐഐടി അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാരസെല്‍ രൂപീകരിക്കുമെന്നും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്നും ഐഐടി ഡീന്‍ വിദ്യാര്‍ഥികള്‍ ഉറപ്പ് നല്‍കി. ആഭ്യന്തര അന്വേഷണത്തില്‍ ഡയറക്ടര്‍ തിരിച്ചെത്തിയാലുടന്‍ തീരുമാനമെടുക്കുമെന്നും ഡീന്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിച്ചതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നേരത്തെ, മരണവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും കുറ്റാരോപിതരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഡീന്‍ വ്യക്തമാക്കിയത്.