കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നു

കേരളത്തിന്റെ തൊഴിലില്ലായ്മ പ്രതിസന്ധി ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍, എന്‍ജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേരാണ് തൊഴില്‍ രഹിതരായി കേരളത്തിലുള്ളത്. ഇതില്‍ത്തന്നെ എന്‍ജിനിയറിങ് കഴിഞ്ഞവരിലാണ് തൊഴില്‍രഹിതര്‍ കൂടുന്നതായി കാണപ്പെടുന്നത്. ദേശീയ ശരാശരിയെക്കാള്‍ നാലര ശതമാനം കൂടി 10.67 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലാത്തവരുടെ കണക്ക്. 6.1 ശതമാനമാണ് ദേശീയ ശരാശരി.

ദേശീയതലത്തില്‍ കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നാമതാണ് കേരളത്തിന്റെ സ്ഥാനം. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെട്ടത്.

2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.45 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് 35.63 ലക്ഷം പേര്‍ തൊഴിലിനായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ പേര് നല്‍കിയിട്ടുണ്ടെങ്കിലും വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് പലരും. അത് പരിഗണിക്കാതെയാണ് തൊഴിലിലായ്മ നിരക്ക് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരിലെല്ലാവരും തൊഴില്‍രഹിതരാണെന്ന് അര്‍ഥമില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

തൊഴില്‍ ഇല്ലാത്ത ബിരുദ ധാരികള്‍ മൊത്തം മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി രണ്ട് ആണ്. ബിരുദാനന്തര ബിരുദം നേടിയവര്‍ തൊണ്ണൂറ്റി നാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂര്‍ പേരും ഉണ്ട്. പ്രൊഫഷണല്‍ യോഗ്യതയുള്ളവരാകട്ടെ ഒരു ലക്ഷത്തി നാല്‍പത്തിമൂവായിരത്തി അഞ്ഞൂറ്റി നാല്‍പത്തി മൂന്നുപേരും ഐടിഐ മേഖലയില്‍ തൊണ്ണൂറ്റി നാലായിരത്തി നാനൂറ്റി പതിനഞ്ച് പേരുമുണ്ട്.

തൊഴില്‍ രഹിതരില്‍ അധികവും സ്ത്രീകളാണെന്നതാണ് മറ്റൊരു കണക്ക്. തൊഴില്‍ രഹിതരായ ഇരുപത്തി മൂന്ന് ലക്ഷത്തി ഒരുനൂറ്റി മുപ്പത്തി ഒമ്പത് പേര്‍ നിലവിലുണ്ട്. 2017 – 18 ലെ കണക്ക് പ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.1 ആണെങ്കില്‍ കേരളത്തില്‍ അത് 9.53 ശതമാനമാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ രജിസ്‌ട്രേഡ് അണ്‍എപ്ലോയിഡ് അഥവാ കെസ്റ്റ, മള്‍ട്ടി പര്‍പ്പസ് സര്‍വീസ് ജോബ് ക്ലബ്, കൈവല്യ, അതിജീവനം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും വി എസ് ശിവകുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.