മുക്കം: നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകന് പ്ലസ്ടു പരീക്ഷയെഴുതിയെന്ന സംഭവത്തില്‍ അധ്യാപകനെ പിന്തുണച്ചും സ്കൂളിലെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞും സ്കൂള്‍ ലീഡറുടെ തുറന്ന കത്ത്. കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
”നീലേശ്വരം സ്കൂളിലെ പരീക്ഷാ പേപ്പറിലെ തിരിമറിയാണല്ലോ കുറെ ദിവസമായി നമ്മള് ചര്‍ച്ച ചെയ്യുന്നത്. ഈ വര്‍ഷം പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി ദയവായി വായിക്കണം” എന്നാണ് കത്ത് തുടങ്ങുന്നത്. കത്തില്‍ അധ്യാപകരുടെയും പിടിഎ യുടെയും പരിശ്രമത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറയുന്നു.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 21 പേര് തന്റെ ബാച്ചില്‍ പഠിച്ചിറങ്ങിയിട്ടുണ്ടെന്നും അതുപോലെ ഉന്നത വിജയം നേടിയ നിരവധി കൂട്ടുകാരുണ്ടെന്നും ഇതെല്ലാം കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണെന്നും കോപ്പിയടിച്ച് നേടിയതാണെന്ന തരത്തിലുള്ള പ്രചാരണം സങ്കടകരമാണെന്നും കത്തില്‍ പറയുന്നു.
വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും കാണുന്നതല്ല ഞങ്ങള്‍ പഠിച്ച സ്കൂള്‍. ഞങ്ങള്‍ ഒന്നാം വര്‍ഷം സ്കൂളില്‍ ചേര്‍ന്നതിന്റെ അടുത്ത മാസം മുതല്‍ എല്ലാ തിങ്കളാഴ്ചയും പരീക്ഷകള്‍ ഉണ്ടായിരുന്നു. ഇതിന്റെ മാര്‍ക്കുകള്‍ രക്ഷിതാക്കള്‍ക്ക് അയക്കുകയും ചെയ്തിരുന്നു.
നിഷാദ് സര് വലിയ തെറ്റ് ചെയ്തുവെന്ന് വാട്സ് ആപ്പിലൂടെ അറിഞ്ഞു. ഞങ്ങളത് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ എന്തിനായിരുന്നു അത്. സാറിന്റെ വിഷയത്തിനല്ലേ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പഠിച്ചതും മാര്‍ക്ക് വാങ്ങിയതും. സാറ് തെറ്റ് ചെയ്തൂവെന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. സാറിനെ ഞങ്ങള്‍ മറക്കില്ല. വിദ്യാര്‍ഥികളുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകും’- കത്തില്‍ പറയുന്നു.